ഫ്രാൻസിൽ അടിയന്തരാവസ്ഥ വീണ്ടു നീട്ടും
Thursday, May 25, 2017 8:26 AM IST
പാരീസ്: 2015 നവംബറിലുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ വീണ്ടും നീട്ടാൻ ഫ്രാൻസ് തീരുമാനിച്ചു. മാഞ്ചസ്റ്ററിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണിതെന്ന് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ ഓഫിസ് അറിയിച്ചു.

എല്ലാ ആഴ്ചയും ചേരുന്ന ദേശീയ പ്രതിരോധ - സുരക്ഷാ കൗണ്‍സിൽ യോഗത്തിലാണ് അടിയന്തരാവസ്ഥ നീട്ടാനുള്ള തീരുമാനമെടുത്തത്. മാഞ്ചസ്റ്റർ ആക്രമണത്തെക്കുറിച്ച് ബ്രിട്ടൻ നടത്തുന്ന അന്വേഷണത്തിന് എല്ലാ പിന്തുണയും സഹകരണവും നൽകാനും തീരുമാനിച്ചു.

രാജ്യത്തെ ഭീകരാക്രമണ ഭീഷണിയിൽനിന്നു മുക്തമാക്കാൻ സഹായിക്കുന്ന തരത്തിലുള്ള നിയമ നിർമാണവും പരിഗണനയിലാണ്. ഇതിനുള്ള നിർദേശം പ്രസിഡന്‍റ് ഒൗപചാരികമായി സർക്കാരിനു നൽകുകയും ചെയ്തു. മാഞ്ചസ്റ്റർ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാർഡ് കൊളംബ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി ചർച്ച നടത്തിയിരുന്നു.

ആക്രമണം നടത്തിയ സൽമാൻ അബേദി അടുത്തിടെ സിറിയ സന്ദർശിച്ചിരുന്നു എന്നും ഇയാൾക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും ഉള്ള വിവരം ഫ്രഞ്ച് ഇന്‍റലിജൻസ് വിഭാഗം ബ്രിട്ടീഷ് അധികൃതർക്കു കൈമാറിയിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ