വിശുദ്ധ മൂറോൻതൈലം ആശീർവാദ ശുശ്രൂഷ മേയ് 25ന് പ്രസ്റ്റണ്‍ കത്തീഡ്രലിൽ
Thursday, May 25, 2017 4:39 AM IST
പ്രസ്റ്റണ്‍: കൂദാശകളുടെ പരികർമത്തിനിടയിൽ ഉപയോഗിക്കുവാനുള്ള വിശുദ്ധ തൈലങ്ങളുടെ ഒൗദ്യോഗിക ആശീർവാദം മേയ് 25ന് 11.30ന് പ്രസ്റ്റണ്‍ സെന്‍റ് അൽഫോൻസാ സീറോ മലബാർ കത്തീഡ്രലിൽ നടക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപത സ്ഥാപിതമായതിനുശേഷം ആദ്യമായി നടക്കുന്ന ഈ തൈലവെഞ്ചരിപ്പു ശുശ്രൂഷയ്ക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ നേതൃത്വം നൽകും. ലെങ്കാസ്റ്റൽ രൂപതാധ്യക്ഷൻ അഭി. ബിഷപ്പ് മൈക്കിൾ കാംബെൽ ദിവ്യബലി മധ്യേ വചനസന്ദേശം നൽകും.

കത്തോലിക്കാ തിരുസഭയുടെ പാരന്പര്യമനുസരിച്ച് അതാത് രൂപതകളുടെ മെത്രാ·ാരാണ് ആ രൂപതയിലെ കൂദാശകളുടെ പരികർമത്തിനാവശ്യമായ വിശുദ്ധ തൈലം വെഞ്ചരിക്കേണ്ടത്. രൂപതയിലെ വൈദികർ സഹകാർമികരാകുന്ന ശുശ്രൂഷയിൽ മെത്രാൻ പൊതുവായി ആശീർവദിക്കുന്ന തൈലത്തിൽ നിന്ന് ഒരുഭാഗം തങ്ങളുടെ ഇടവകകളിലേക്ക് പകർന്നു കൊണ്ടുപോവുകയാണ് ചെയ്യാറുള്ളത്. ആദിമ സഭയുടെ കാലംമുതൽ തുടരുന്ന ഈ പാരന്പര്യത്തിൽ മെത്രാൻ ശ്ലീഹാ·ാരുടെ പിൻഗാമി എന്നനിലയിൽ ആശീർവദിക്കുന്ന തൈലം ഉപയോഗിക്കുന്നതുവഴി സഭയിലൂടെ തുടരുന്ന സത്യവിശ്വാസത്തിന്‍റെ തുടർച്ചയും ഈശോ ശ്ലീഹ·ാർക്കു നൽകിയ പൗരോഹിത്യത്തിൽ പങ്കുചേരുന്ന മെത്രാന്േ‍റയും വൈദികരുടെയും പൗരോഹിത്യ കൂട്ടായ്മയുമാണ് വെളിവാകുന്നത്.

മാമോദിസായിലും സ്വൈര്യലേപനത്തിലും രോഗിലേപനത്തിലുമാണ് പ്രധാനമായും ആശീർവദിച്ച ഈ തൈലങ്ങൾ ഉപയോഗിക്കപ്പെടുന്നത്. മെത്രാൻ ആശീർവദിച്ച വി. തൈലം ലഭ്യമല്ലെങ്കിൽ ഓരോ അവസരത്തിനും വേണ്ട തൈലം ആശീർവദിക്കാൻ പ്രത്യേക അവസരങ്ങളിൽ സഭ വൈദികർക്കും അനുവാദം നൽകിയിട്ടുണ്ട്. മാമോദിസായിലൂടെ സഭയിലേക്ക് കടന്നുവരുന്നവരെ സ്വീകരിക്കാനുള്ള തൈലവും പരിശുദ്ധാത്മാവിന്‍റെ പ്രത്യേക സാന്നിധ്യമുള്ള തൈലവും രോഗികളുടെ സുഖപ്രാപ്തിക്കായി പൂശാനുള്ള തൈലവുമാണ് ഇന്ന് ആശീർവദിക്കപ്പെടുന്നത്. പുതിയ ദൈവാലയങ്ങൾ കൂദാശ ചെയ്ത് ദൈവാരാധനയ്ക്ക് സമർപ്പിക്കുന്പോഴും മെത്രാൻ അൾത്താര അഭിഷേകം ചെയ്യുന്നത് ആശീർവാദിച്ച ഈ തൈലം ഉപയോഗിച്ചാണ്.

ഒലിവ് എണ്ണയാണ് ഈ വിശുദ്ധ ഉപയോഗത്തിനായി സാധാരണ തെരഞ്ഞെടുക്കാറുള്ളത്. സീറോ മലബാർ സഭയിൽ കർത്താവിന്‍റെ ഏതെങ്കിലും തിരുനാൾ ദിനത്തിലാണ് ഈ തൈലാശീർവാദ ശുശ്രൂഷ നടത്തപ്പെടാറുള്ളത്. ഈശോ മരിച്ചവരിൽ നിന്ന് ഉത്ഥാനം ചെയ്തതിന്‍റെ നാൽപതാംനാൾ സ്വാർഗാരോഹണം ചെയ്തതിന്‍റെ തിരുനാൾ ആചരിക്കുന്ന ഇന്ന് ഈ തിരുനാൾകർമം അനുഷ്ഠിക്കപ്പെടുന്നത് ഏറ്റവും ഉചിതമാണ്.

വിശുദ്ധ ബൈബിളിലെ പഴയനിയമത്തിൽ രാജാക്കന്മാരെയും പുരോഹിതന്മാരെയും അഭിഷേകം ചെയ്യുന്നതിനു പ്രത്യേകം തൈലം ഉപയോഗിച്ചിരുന്നു (പുറപ്പാട് 30:23, 39:27). ” നിങ്ങളിലാരെങ്കിലും രോഗിയാണെങ്കിൽ അവൻ സഭയിലെ പുരോഹിതനെ വിളിക്കട്ടെയെന്നും തൈലം പൂശിയുള്ള പുരോഹിതന്‍റെ പ്രാർത്ഥന രോഗിക്ക് സൗഖ്യം നൽകാൻ ഇടയാകട്ടെ”(യാക്കോബ് 5:14) എന്ന് വി. പൗലോസും പറയുന്നു. ഇന്നു നടക്കുന്ന വിശുദ്ധതൈല ആശീർവാദപ്രാർത്ഥനാ ശുശ്രൂഷയിൽ അഭി. മെത്രാ·ാരോടൊപ്പം ഫാ. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതയുടെ വിവിധ കുർബാന സെന്‍ററുകളിൽ നേതൃത്വം നൽകുന്ന വൈദികരും നൂറുകണക്കിനു വിശ്വാസികളും പങ്കുചേരും.

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കട്ട്