മൈസൂരുവില്‍ മധുരമേളം
Monday, May 22, 2017 1:16 AM IST
മൈസൂരു: സാംസ്‌കാരികനഗരിക്ക് മാന്പഴമധുരം പകര്‍ന്ന് മൈസൂരുവില്‍ മാന്പഴമേള. കര്‍ണാടക സംസ്ഥാന മാങ്ങ വികസന കോര്‍പറേഷന്റെയും ജില്ലാ ഹോര്‍ട്ടി കള്‍ച്ചര്‍ വകുപ്പിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ മൈസൂരു കൊട്ടാരത്തിനു സമീപത്തെ കഴ്‌സണ്‍ പാര്‍ക്കില്‍ ആരംഭിച്ച ചക്കമാന്പഴമേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുകയാണ്.

സ്വാഭാവികരീതിയില്‍ ജൈവ രീതിയില്‍ പഴുപ്പിച്ച മാന്പഴങ്ങള്‍ മിതമായ വിലയ്ക്ക് വാങ്ങാന്‍ മൈസൂരു നിവാസികള്‍ക്ക് അവസരമൊരുക്കുകയാണ് മേള. രത്‌നഗിരി, അല്‍ഫോണ്‍സാ, ബദാമി, റാസ്പുരി, മല്‍ഗോവ, തോട്ടാപുരി, ബഗനപ്പള്ളി, ആന്ത്രപ്പള്ളി, സക്കരഗുത്തി തുടങ്ങി22 ഇനങ്ങളിലുള്ള മാന്പഴങ്ങളും മൂന്ന് ഇനം ചക്കകളുമാണ് മേളയിലുള്ളത്.

ഇവകൂടാതെ, അപൂര്‍വ ഇനങ്ങളായ രേകെ, രാജരാജേശ്വരി, നാട്ടി റാസ്പുരി തുടങ്ങിയവയും മേളയിലുണ്ട്. മൈസൂരു, കോലാര്‍, ബാഗല്‍കോട്ട്, തുമകുരു, ചിക്കബല്ലാപുര, ബലാഗവി, ഹാവേരി, ധര്‍വാഡ്, ശിവമോഗ എന്നിവിടങ്ങളില്‍ നിന്നും ആന്ധ്രയില്‍ നിന്നുമുള്ള മാന്പഴക്കര്‍ഷകരാണ് മേളയില്‍ ഫലങ്ങളുമായി എത്തിയത്. ജനങ്ങള്‍ക്ക് ഗുണമേന്മയോടെ മാന്പഴങ്ങള്‍ ലഭ്യമാക്കുക, ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് യഥാര്‍ഥ വില ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. മേളയുടെ ഭാഗമായി ജൈവ, അജൈവ കൃഷിരീതികള്‍ സംബന്ധിച്ച ക്ലാസും നടത്തുന്നുണ്ട്. രാവിലെ എട്ടു മുതല്‍ രാത്രി ഒന്പതുവരെയാണ് മേളയുടെ സമയം. ഏഴുദിവസത്തെ മാന്പഴമേള 23ന് സമാപിക്കും.