വള്ളംകളിയുടെ ടീം രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്ത് ജോയിസ് ജോർജ് എം.പി; ആദ്യ ടീം ഫ്രണ്ട്സ് ഓഫ് കെന്‍റ്
Thursday, May 18, 2017 8:00 AM IST
ലണ്ടൻ: കേരളാ ടൂറിസത്തിന്‍റെ പിന്തുണയോടെ ജൂലൈ 29 ശനിയാഴ്ച്ച മിഡ്ലാന്‍റ്സിലെ വാർവിക്ഷെയറിൽ യുക്മ സംഘടിപ്പിക്കുന്ന വള്ളംകളിയുടെ ടീം രജിസ്ട്രേഷന്‍റെ ഉദ്ഘാടനം ജോയിസ് ജോർജ്ജ് എംപി നിർവഹിച്ചു. ഫ്രണ്ട്സ് ഓഫ് കെന്‍റ് എന്ന പേരിൽ ടണ്‍ബിഡ്ജ് വെൽസിലെ ഒരുപറ്റം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ അണിനിരക്കുന്ന ടീം, മത്സരത്തിനായി രജിസ്റ്റർ ചെയ്യുന്ന ആദ്യ ബോട്ട് ക്ലബ് എന്ന നിലയിൽ ചരിത്രത്തിൽ സ്ഥാനം പിടിച്ചു. യുകെയിലെ മലയാളികൾക്കിടയിൽ ആദ്യമായിട്ടാണ് വള്ളംകളി സംഘടിപ്പിക്കപ്പെടുന്നത്. ഈ വലിയ പദ്ധതിയുടെ തുടക്കം തന്നെ നാട്ടിൽ നിന്നുമെത്തിയ എംപിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നതിന് സാധിച്ചതും സംഘാടക സമിതിയെ സംബന്ധിച്ച് വലിയ നേട്ടമായി.

യു.കെയിലെ ഇടുക്കി ജില്ലാ സംഗമത്തിൽ പങ്കെടുക്കുന്നതിനും സ്വകാര്യ സന്ദർശനത്തിനുമായി എത്തിച്ചേർന്നിരുന്ന ഇടുക്കി എം.പി അഡ്വ. ജോയിസ് ജോർജ് തന്‍റെ സഹപാഠിയായിരുന്ന മുൻ യുക്മ പ്രസിഡന്‍റ് അഡ്വ. ഫ്രാൻസിസ് മാത്യുവിന്‍റെ ക്ഷണം സ്വീകരിച്ചാണ് വള്ളംകളിയുടെ രജിസ്ട്രേഷൻ ഉദ്ഘാടനം നിർവഹിക്കുവാനായി എത്തിച്ചേർന്നത്. വള്ളംകളിയും പ്രദർശനവും ഉൾപ്പെടെയുള്ള ഒരു വലിയ പരിപാടി കേരളാ ടൂറിസവുമായി സഹകരിച്ച് സംഘടിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങിയ യുക്മയുടെ സന്നദ്ധതയെ എംപി പ്രശംസിച്ചു.

ടണ്‍ബ്രിഡ്ജ് വെൽസ് റസൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ യുക്മ കെ.ടി.പി.സി (കേരളാ ടൂറിസം പ്രമോഷൻ ക്ലബ്) വൈസ് ചെയർമാൻ ടിറ്റോ തോമസ് അദ്ധ്യക്ഷനായിരുന്നു. യുക്മ ദേശീയ ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ് ആമുഖ പ്രഭാഷണം നടത്തി. സ്വാഗതസംഘം ജനറൽ കണ്‍വീനർ അഡ്വ. എബി സെബാസ്റ്റ്യൻ, ബോട്ട് റേസിന്‍റെ ചുമതലയുള്ള ജേക്കബ് കോയിപ്പള്ളി, യുക്മ പി.ആർ.ഒ ബാലസജീവ് കുമാർ എന്നിവർ പ്രസംഗിച്ചു. റീജണൽ സെക്രട്ടറി അജിത് വെണ്‍മണി നന്ദി രേഖപ്പെടുത്തി.

ഇരുപതംഗ ടീമിന്‍റെ പേരടങ്ങിയ രജിസ്ട്രേഷൻ ഫോമും രജിസ്ട്രേഷൻ ഫീസായി മുന്നൂറു (300) പൗണ്ടിനുള്ള ചെക്കും കോട്ടയം ഒളശ്ശ ഫ്രണ്ട്സ് ബോട്ട് ക്ലബ് ക്യാപ്റ്റനും സഹൃദയ ടണ്‍ബ്രിഡ്ജ് വെൽസ് ഭാരവാഹിയുമായ ജോഷി സിറിയക്കിന്‍റെ പക്കൽ നിന്നും ജോയിസ് ജോർജ് എം.പി ഏറ്റുവാങ്ങി. ബിബിൻ എബ്രാഹം, ആൽബർട്ട് ജോർജ്, ഷിനോ തുരുത്തിയിൽ ജെയ്സണ്‍ ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഓരോ ടീമിലും 20 പേരെ വീതം രജിസ്റ്റർ ചെയ്യുന്പോൾ തന്നെ മുഴുവൻ പേര് നൽകേണ്ടതാണ്. ടീം ഒന്നിന് 500 പൗണ്ട് രജിസ്ട്രേഷൻ ഫീസ്. എന്നാൽ പ്രാദേശിക മലയാളി അസോസിയേഷനുകൾ, ക്ലബ്ബുകൾ എന്നിവർ 300 പൗണ്ട് ഫീസ് നൽകിയാൽ മതിയാവും. എല്ലാ ടീമുകൾക്കുമുള്ള ജഴ്സികൾ സംഘാടക സമിതി സൗജന്യമായി നൽകുന്നതാണ്. ബ്രിട്ടണിൽ നിന്നുമുള്ള ടീമുകൾക്കൊപ്പം മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും മലയാളികളുടെ ടീമുകൾ പങ്കെടുക്കുന്നതിനെയും സംഘാടക സമിതി സ്വാഗതം ചെയ്യുന്നുണ്ട്.

വിശദവിവരങ്ങൾക്ക്: ഇമെയിൽ: [email protected]