ബ്രെക്സിറ്റിൽ മയം വേണ്ടെന്ന് ജർമൻ കന്പനികൾ
Wednesday, May 17, 2017 8:07 AM IST
ബർലിൻ: ബ്രെക്സിറ്റ് നടപ്പാക്കുന്പോൾ ബ്രിട്ടനോട് ഒരു മയവും കാണിക്കേണ്ട ആവശ്യമില്ലെന്ന് പ്രമുഖ ജർമൻ കന്പനികളിൽ പകുതിയും അഭിപ്രായപ്പെടുന്നതായി സർവേ റിപ്പോർട്ട്.

യുകെയെ ഏകീകൃത വിപണിയിൽനിന്ന് പൂർണമായി ഒഴിവാക്കുന്ന തരത്തിൽ തന്നെ ബ്രെക്സിറ്റ് നടപ്പാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ചരക്ക് നീക്കം, മൂലധനം, സേവനം, തൊഴിൽ എന്നിവയുടെ കാര്യത്തിൽ സ്വാതന്ത്ര്യം അനുവദിക്കപ്പെടുന്നില്ലെങ്കിൽ യുകെയ്ക്ക് ഏകീകൃത വിപണിയിൽ തുടരാൻ അർഹതയില്ലെന്നാണ് സർവേയിൽ പങ്കെടുത്ത കന്പനികളിൽ 49 ശതമാനവും അഭിപ്രായപ്പെടുന്നത്.

യുകെ ഏകീകൃത വിപണിയിൽ തുടരണമെന്ന് ആവശ്യപ്പെട്ടത് 26 ശതമാനം കന്പനികൾ മാത്രം. ഇതിനായി സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്നും ഇവർ. മറ്റൊരു 25 ശതമാനം പേർ ആവശ്യപ്പെട്ടത് യൂറോപ്യൻ യൂണിയൻ യുകെയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവയ്ക്കണമെന്നാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍