നമ്മ മെട്രോ: ഗ്രീൻലൈൻ തയാർ, സർവീസ് അടുത്തമാസം
Tuesday, May 16, 2017 5:47 AM IST
ബംഗളൂരു: നമ്മ മെട്രോ ഒന്നാംഘട്ടത്തിൽ ഉൾപ്പെടുന്ന വടക്കുതെക്ക് പാതയായ ഗ്രീൻലൈനിൽ അടുത്ത മാസം ആദ്യം മെട്രോ ഓടിത്തുടങ്ങും. അടുത്ത ദിവസം സുരക്ഷാ പരിശോധന പൂർത്തിയാകുന്നതോടെ മെട്രോയുടെ മുന്നിലുള്ള അവസാന തടസവും നീങ്ങും. പാതയിലെ സ്റ്റേഷനുകളും മജെസ്റ്റിക്കിലെ ഇന്‍റർചേഞ്ച് സ്റ്റേഷനും പരിശോധിക്കുന്ന റെയിൽവേ സുരക്ഷാ കമ്മീഷണർ കെ.എ. മനോഹരന്‍റെ നേതൃത്വത്തിലുള്ള സംഘം ഭൂഗർഭപാതയിലും പരിശോധന നടത്തും. സിഗ്നലുകളുടെ പ്രവർത്തനം, സുരക്ഷാ സജ്ജീകരണങ്ങൾ, സ്റ്റേഷനുകളിൽ യാത്രക്കാർക്കായുള്ള സൗകര്യങ്ങൾ തുടങ്ങിയവയും സംഘം പരിശോധിക്കും.

വടക്കുതെക്ക് പാതയിൽ സാന്പിഗെ റോഡ് മുതൽ യെലച്ചനഹള്ളി വരെയുള്ള പാതയിലാണ് ഇനി മെട്രോ ഓടിത്തുടങ്ങേണ്ടത്. ഇതിൽ സാന്പിഗെ റോഡിനും നാഷണൽ കോളജിനുമിടയിലുള്ള ഭാഗം ഭൂഗർഭപാതയാണ്. വടക്കുതെക്കു പാത യാത്രയ്ക്ക് സജ്ജമാകുന്നതോടെ നമ്മ മെട്രോയുടെ ഒന്നാം ഘട്ടം പൂർത്തിയാകും. നേരത്തെ ഏപ്രിലിൽ ഒന്നാം ഘട്ടം പൂർത്തിയാകുമെന്നാണ് ബിഎംസിആർഎൽ അറിയിച്ചിരുന്നത്. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ നീണ്ടുപോകുകയായിരുന്നു. കിഴക്കുപടിഞ്ഞാറ് ഇടനാഴിയായ പർപ്പിൾ ലൈനിൽ കഴിഞ്ഞ വർഷം സർവീസ് പൂർണമായി ആരംഭിച്ചിരുന്നു.