സ്വകാര്യ ആശുപത്രിയിലെ ലാബിൽ തീപിടിത്തം
Tuesday, May 2, 2017 5:49 AM IST
ബംഗളൂരു: പാലസ് ഗുട്ടഹള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ലാബിൽ തീപിടിത്തം. ഏഴോളം രോഗികൾ തലനാരിഴയ്ക്കു രക്ഷപെട്ടു. ഇന്നലെ പുലർച്ചെയാണ് സംഭവം. ബഹുനിലക്കെട്ടിടത്തിന്‍റെ ഒന്നാം നിലയിലുള്ള ലബോറട്ടറിയിലാണ് തീപിടിച്ചത്. ആശുപത്രിക്കു സമീപം പ്രഭാതസവാരി നടത്തിയിരുന്നവരാണ് കെട്ടിടത്തിൽ നിന്നു പുകയുയരുന്നത് കണ്ടത്. തുടർന്ന് ഇവർ പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു.

ആറു ഫയർ എൻജിനുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. ഒന്നും രണ്ടും നിലകളിലെ രോഗികളെ ആശുപത്രി ജീവനക്കാരും രക്ഷാപ്രവർത്തകരും ചേർന്ന് പുറത്തിറക്കി. ഏകദേശം 40 ലക്ഷം രൂപയുടെ ഉപകരണങ്ങൾ അഗ്നിക്കിരയായതായാണ് പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്കു കാരണമെന്നാണ് പോലീസ് അനുമാനം. വ്യാളികാവൽ പോലീസ് അന്വേഷണം ആരംഭിച്ചു.