ഫാ.ടോം ഉഴുന്നാലിന്‍റെ മോചനത്തിനായി സത്വരനടപടികൾ സ്വീകരിക്കണം: ഡബ്ലുഎംസി
Saturday, April 29, 2017 8:50 AM IST
ബെർലിൻ: യെമനിൽ നിന്നും ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ സലേഷ്യൻ സഭാംഗമായ ഫാ.ടോം ഉഴുന്നാലിനെ എത്രയും വേഗം മോചിപ്പിക്കാൻ വേണ്ട നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ഡബ്ല്യുഎംസി ജർമൻ പ്രൊവിൻസ് ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിച്ചു.

മോചന നടപടികൾ ഉൗർജിതമാക്കണമെന്നാവശ്യപ്പെട്ടുള്ള മെമ്മോറാണ്ടം പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യന്ത്രി സുഷമ സ്വരാജ്, ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് എന്നിവർക്ക് സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ കേരളസർക്കാരിനോടും ഡബ്ല്യുഎംസി അഭ്യർഥിച്ചു.

ഫാ.ടോമിന്‍റെ ആരോഗ്യനിലയിൽ സമ്മേളനം ആശങ്ക രേഖപ്പെടുത്തി. പോയ വർഷം ഐഎസിന്‍റെ പേരിൽ ഫാ. ടോമിനെപ്പറ്റിയുള്ള യൂട്യൂബ് വീഡിയോ സന്ദേശത്തിൽ അദ്ദേഹത്തിന്‍റെ ആരോഗ്യനില വളരെ പരിതാപകരമായിരുന്നുവെന്ന് യോഗം വിലയിരുത്തി. നാളിതുവരെയും ഫാ.ടോമിന്‍റെ മോചനത്തിനായി കേന്ദസർക്കാർ എന്തു ചെയ്തുവെന്ന് വെളിപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

ജർമനിയിലെ റ്യോസ്റാത്ത് സെന്‍റ് നിക്കോളാസ് ദേവാലയ ഹാളിൽ കൂടിയ പ്രൊവിൻസ് യോഗത്തിൽ ചെയർമാൻ ജോസ് കുന്പിളുവേലിൽ അധ്യക്ഷത വഹിച്ചു. പ്രൊവിൻസ് പ്രസിഡന്‍റ് ജോളി എം പടയാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ഡബ്ല്യുഎംസി യൂറോപ്പ് റീജണ്‍ പ്രസിഡന്‍റ് ഗ്രിഗറി മേടയിൽ പ്രമേയം അവതരിപ്പിച്ചു. സെന്‍റ് നിക്കോളാസ് പള്ളി വികാരി ഫാ.ജോസ് വടക്കേക്കര സിഎംഐ ഫാ. ടോമിന്‍റെ യെമനിലെ പ്രവർത്തനങ്ങളെ അനുസ്മരിച്ച് സംസാരിച്ചു. ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്‍റ് മാത്യു ജേക്കബ്, ഗ്ലോബൽ ട്രഷറർ തോമസ് അറന്പൻകുടി, യൂറോപ്പ് റീജണ്‍ ചെയർമാൻ ജോളി തടത്തിൽ, പ്രൊവിൻസ് ട്രഷറർ ജോസുകുട്ടി കളത്തിപ്പറന്പിൽ, ജോസ് പുതുശേരി (പ്രസിഡന്‍റ്, കൊളോണ്‍ കേരള സമാജം), തോമസ് ചക്യാത്ത്(ചീഫ് എഡിറ്റർ, രശ്മി ദ്വൈമാസിക), പ്രസിഡന്‍റ് ജോളി എം പടയാട്ടിൽ, ജനറൽ സെക്രട്ടറി മേഴ്സി തടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.