സെർബിയൻ കൊലയാളിയെ ജർമനി നാടുകടത്തി
Friday, April 21, 2017 7:59 AM IST
ബെർലിൻ: ടർക്കിഷ് ജർമൻ യുവതിയെ കൊലപ്പെടുത്തിയ സെർബിയൻ കുടിയേറ്റക്കാരനെ ജർമനി നാടുകടത്തി.

2014 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 14 വയസുള്ള രണ്ടു പെണ്‍കുട്ടികളെ ഇയാളിൽനിന്നു രക്ഷിക്കാൻ ശ്രമിച്ച 22കാരിയാണ് കൊല്ലപ്പെട്ടത്. സനേൽ മാസോവിച്ച് എന്ന പ്രതി ടൂഗ്സ് അൽബൈറാക് എന്ന യുവതിയെ അടിച്ചു വീഴ്ത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ടൂഗ്സ് ദിവസങ്ങളോളം കോമയിൽ കിടന്ന ശേഷം ഇരുപത്തിമൂന്നാം ജൻമദിനത്തിലാണ് ജീവൻ വെടിഞ്ഞത്.

സംഭവം നടക്കുന്പോൾ പതിനെട്ട് വയസായിരുന്നു പ്രതിക്ക്. ഇയാൾക്ക് മാരകമായ ദേഹോപദ്രവം ഏൽപ്പിച്ചതിനുള്ള രണ്ടര വർഷം തടവ് ശിക്ഷ മാത്രമാണ് ലഭിച്ചത്. ഇതു കഴിഞ്ഞ് പുറത്തിറങ്ങിയതോടെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽനിന്ന് മാതൃരാജ്യമായ സെർബിയയിലേക്ക് കയറ്റി വിടുകയായിരുന്നു. ഇയാൾക്ക് എട്ടു വർഷത്തേയ്ക്ക് ജർമനിയിൽ പ്രവേശിക്കുന്നതിന് നിരോധനവും ഏർപ്പെടുത്തി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ