കർദിനാൾ സാന്ദ്രി മേയ് 14 ന് സൗത്ത് ഈസ്റ്റിൽ
Wednesday, April 19, 2017 5:59 AM IST
മെൽബണ്‍: ഇടയ സന്ദർശനത്തിന്‍റെ ഭാഗമായി പൗരസ്ത്യ തിരുസംഘത്തിന്‍റെ തലവൻ കർദിനാൾ ലെയനാർദോ സാന്ദ്രി മെൽബണ്‍ സെന്‍റ് തോമസ് സീറോ മലബാർ രൂപതയിൽ വിശ്വാസികളെ കാണുവാനും ദിവ്യബലി അർപ്പിക്കാനും മേയ് 14 ന് (ഞായർ) സൗത്ത് ഈസ്റ്റിൽ എത്തുന്നു.

ഉച്ചകഴിഞ്ഞ് 3.30 ന് സൗത്തിലെ ഡാൻഡിനോംഗ് സെന്‍റ് ജോണ്‍സ് കോളജ് ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ. കർദിനാളിനൊപ്പം മാർപാപ്പയുടെ ഓസ്ട്രലിയായുടെ സ്ഥിരം പ്രതിനിധി ആർച്ച് ബിഷപ് അഡോൾഫോ റ്റിറ്റോ ലാനയും മലയാളി വൈദികരും ചടങ്ങിൽ പങ്കെടുക്കും.

തിരുസംഘത്തിന്‍റെ തലവനും അപ്പസ്തോലിക് ന്യുണ്‍ഷ്യോയും ആദ്യമായാണ് മെൽബണ്‍ സീറോ മലബാർ രൂപത സന്ദർശിക്കുന്നത്. മെൽബണ്‍ ഏരിയായിലെ മൂന്ന് ഇടവകകളും അയൽ ഇടവകയിലെ വിശ്വാസികളും ചടങ്ങിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

പരിപാടിയുടെ വിജയത്തിനായി മെൽബണ്‍ രൂപത തലത്തിൽ പ്രവർത്തനങ്ങൾ ഉൗർജിതമായി നടന്നു വരുന്നു.