സ്റ്റീവനേജിൽ വിശുദ്ധവാരം ആചരിച്ചു
Wednesday, April 19, 2017 5:51 AM IST
സ്റ്റീവനേജ്: ലോക രക്ഷക്കായി യേശുനാഥൻ ത്യാഗ ബലിയായി സമർപ്പിക്കപ്പെട്ട രക്ഷാകര പദ്ധതിയുടെ അനുസ്മരണം സ്റ്റീവനേജിൽ ഭക്ത്യാദരപൂർവം ആചരിച്ചു. ചാപ്ലിൻ ഫാ. സെബാസ്റ്റ്യൻ ചാമക്കാല തിരുക്കർമങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.

പെസഹാ ആചരണത്തോടനുബന്ധിച്ച് വിവിധ കുടുംബങ്ങളിൽ നിന്നും തയാറാക്കി ദേവാലയത്തിൽ കൊണ്ടുവന്ന അപ്പവും പാലും തിരുക്കർമങ്ങൾക്ക് ശേഷം ആശീർവദിച്ചു വിതരണം ചെയ്തു.

ദുഃഖ വെള്ളിയുടെ തിരുക്കർമങ്ങളിൽ പീഡാനുഭവ വായന, കുരിശിന്‍റെ വഴി, വിലാപ യാത്ര തുടങ്ങിയ ശുശ്രൂഷകൾക്കു ശേഷം ക്രൂശിത രൂപം മുത്തലും കൈപ്പു നീർ പാനവും നടന്നു. സമാപനമായി നേർച്ച കഞ്ഞിയും പയറും വിതരണം ചെയ്തു.

വിശ്വാസവും പ്രതീക്ഷയും പ്രത്യാശയും പകർന്നു നൽകിയ ഉയിർപ്പു തിരുനാൾ തിരുക്കർമങ്ങളിൽ വിശുദ്ധ കുർബാന, ഉയിർപ്പു തിരുനാളിന്‍റെ സന്ദേശം, ഈസ്റ്റർ അനുബന്ധ ശുശ്രൂഷകൾ, ജ്ഞാനസ്നാന വ്രത നവീകരണം, വെള്ളം വെഞ്ചരിക്കൽ, ഉത്ഥാനം ചെയ്ത യേശുവിനെ വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം തുടങ്ങിയ ശുശ്രൂഷകൾക്കു ശേഷം ഈസ്റ്റർ എഗ് വിതരണം നടത്തി. സ്റ്റീവനേജ് വിശ്വാസി സമൂഹത്തിന്‍റെ സന്തോഷം പങ്കിടുന്നതിനായി കേക്ക് വിതരണവും സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.

ഗാന ശുശ്രുഷകർക്കും അൾത്താര ബാല·ാർക്കുമുള്ള ഉപഹാരങ്ങൾ ശുശ്രുഷകൾക്കു ശേഷം വിതരണം ചെയ്തു. അപ്പച്ചൻ കണ്ണഞ്ചിറ, സിജോ ജോസ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.