പ്രഫ. സി. രവിചന്ദ്രന്‍റെ ഓസ്ട്രേലിയൻ പ്രഭാഷണ പരന്പര ഏപ്രിൽ 21ന്
Wednesday, April 19, 2017 5:45 AM IST
മെൽബണ്‍: പ്രശസ്ത പ്രാസംഗികനും എഴുത്തുകാരനുമായ പ്രഫ. സി. രവിചന്ദ്രന്‍റെ ഓസ്ട്രേലിയൻ പ്രഭാഷണ പരന്പര ഏപ്രിൽ 21ന് (വെള്ളി) ആരംഭിക്കും. മെൽബണ്‍, സിഡ്നി, ബ്രിസ്ബേൻ, അഡ് ലൈഡ്, പെർത്ത്, കാൻബറ തുടങ്ങിയ നഗരങ്ങളിലായി ഏഴോളം പരിപാടികളിലാണ് രവി ചന്ദ്രൻ പങ്കെടുക്കുന്നത്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ സി.രവിചന്ദ്രൻ ശാസ്ത്രബോധത്തിൽ നിന്നും പിന്നോട്ട് പോകുന്ന സമൂഹചിന്തയ്ക്കെതിരെ നിശിത വിമർശനവുമായി പ്രഭാഷണങ്ങളും പ്രസന്‍റേഷനുകളും ഡിബേറ്റുകളും നടത്തുന്നതിലൂടെയാണ് കേരളസമൂഹം പരിചയപ്പെടുന്നത്. ജ്യോതിഷം, വാസ്തു, ജാതീയത തുടങ്ങി ചിന്താപരമായി ആരോഗ്യമുള്ള സമൂഹം നിരാകരിക്കേണ്ട വിശ്വാസങ്ങൾക്കും വിഭാഗീയ ചിന്തകൾക്കും എതിരെ സരസമായ പ്രഭാഷണങ്ങളും അവതരണങ്ങളുമാണ് ഇദ്ദേഹത്തെ കേരളത്തിലും പുറത്തുമുള്ളവർക്ക് പൊതു സ്വീകാര്യനാക്കി മാറ്റിയത്.

ശാസ്ത്രബോധം പ്രചരിപ്പിക്കുന്ന യുവ എഴുത്തുകാരനുള്ള ഇത്തവണത്തെ മുണ്ടശേരി പുരസ്കാരം ലഭിച്ചിട്ടുണ്ട്. "ഭൂമിയിലെ മഹത്തായ ദ്രശ്യവിസ്മയം’, "ബുദ്ധനെ എറിഞ്ഞ കല്ല്’, "മസ്തിഷ്കം കഥ പറയുന്നു’, "വാസ്തുലഹരി’ തുടങ്ങി കാലത്തോട് സംവദിക്കുന്ന 13 പുസ്തകങ്ങൾ ഇദ്ദേഹത്തിന്‍റേതായി പുറത്തുവന്നിട്ടുണ്ട്. ജൈവകൃഷിയുടെ കാണാപ്പുറങ്ങൾ പ്രതിപാദിക്കുന്ന "കാർട്ടറുടെ കഴുകൻ’ ആണ് പുതുതായി പുറത്തിറങ്ങാൻ പോകുന്ന അദ്ദേഹത്തിന്‍റെ പുസ്തകം.

വിവരങ്ങൾക്ക് https://www.facebook.com/groups/253451001783143/