തുർക്കി ഹിതപരിശോധന: എതിർപ്പ് ശക്തം
Tuesday, April 18, 2017 8:08 AM IST
ഇസ്താംബുൾ: തുർക്കിയിലെ ജനവിധിയെ ഭൂരിഭാഗം അറബ് രാജ്യങ്ങളും അനുകൂലിച്ചു. ഖത്തർ, പാലസ്തീൻ, പാക്കിസ്ഥാൻ, ഇറാഖ്, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളുടെ ഭരണത്തലവ·ാർ എർദോഗന് ഫോണിൽ അഭിനന്ദനം അറിയിച്ചു.

അതേസമയം, യൂറോപ്യൻ യൂണിയന് ഹിതപരിശോധന ഫലം കനത്ത തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഹിതപരിശോധനക്കെതിരായി യൂറോപ്യൻ യൂണിയൻ നിലപാട് സ്വീകരിച്ചിരുന്നു. ഹിതപരിശോധന തങ്ങൾക്കനുകൂലമാക്കാൻ യൂറോപ്യൻ യൂനിയൻ പലവിധ പ്രചാരണങ്ങൾ നടത്തുകയും ചെയ്തിരുന്നു. ജർമനി, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിലാണ് പ്രചാരണങ്ങൾ ഏറെയും നടന്നത്. ഹിതപരിശോധനയെ ആശങ്കേയാടെയാണ് യൂറോപ്പ് കാണുന്നത്. മുഴുവൻ കക്ഷികളുമായി ചർച്ച നടത്തിവേണം ഭരണഘടന ഭേദഗതി നിർവഹിക്കാനെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ ഉൾപ്പെടെയുള്ളവർ ഇതിനകം ആവശ്യപ്പെട്ടു കഴിഞ്ഞു.

തുർക്കിക്കുള്ളിലും ഇക്കാര്യത്തിൽ എതിർപ്പ് ശക്തമായി തുടരുകയാണ്. പ്രതിപക്ഷ കക്ഷിയായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി (സിഎച്ച്പി) തെരഞ്ഞെടുപ്പ് ഫലത്തിൽ സംശയം പ്രകടിപ്പിച്ചു. യൂറോപ്യൻ യൂനിയനും ഹിതപരിശോധനയെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

ഹിതപരിശോധന ഫലത്തെ സ്വാഗതംചെയ്ത് ഭരണകക്ഷിയായ ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്‍റ് പാർട്ടിയും നാഷണലിസ്റ്റ് മൂവ്മെന്‍റ് പാർട്ടിയും രംഗത്തെത്തി.

ചരിത്രപരമായ തീരുമാനമെടുത്ത തുർക്കി ജനതയെ എർദോഗൻ അഭിനന്ദിച്ചു. കാലങ്ങളായി പല ശക്തികളും തുർക്കിയെ ആക്രമിക്കുകയാണെന്നും പുതിയ ഭരണക്രമത്തിലൂടെ അവയെ പ്രതിരോധിക്കുമെന്നും ഇസ്താംബൂളിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ പെങ്കടുത്ത മുഴുവൻ ജനങ്ങളെയും അഭിവാദ്യംചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. തുർക്കിയുടെ ജനാധിപത്യ ചരിത്രത്തിൽ പുതിയ അധ്യായമാണിതെന്ന് പ്രധാനമന്ത്രി ബിൻഅലി യിൽദിരിം പറഞ്ഞു. ജനവിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച വൈകിയും പ്രകടനങ്ങൾ നടക്കുകയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ