ഫ്രഞ്ച് തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ
Saturday, April 15, 2017 8:33 AM IST
പാരീസ്: ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാന ഘട്ടത്തിലെത്തിയപ്പോൾ മത്സര രംഗത്ത് പതിനൊന്നു പേർ. ഏപ്രിൽ 23നാണ് തെരഞ്ഞെടുപ്പ്.

പതിനഞ്ചു വർഷത്തിനിടെ ആദ്യമായി തീവ്ര വലതുപക്ഷ പാർട്ടി നാഷണൽ ഫ്രന്‍റിന് ജയ സാധ്യതയുള്ളവരുടെ കൂട്ടത്തിൽ ഇടം കിട്ടുന്ന തെരഞ്ഞെടുപ്പാണിത്. മരിൻ ലെ പെൻ ആണ് സ്ഥാനാർഥി.

സെൻട്രിസ്റ്റ് സ്ഥാനാർഥി ഇമ്മാനുവൽ മാക്രോണ്‍ ആണ് സാധ്യത കൽപ്പിക്കപ്പെടുന്ന മറ്റൊരു സ്ഥാനാർഥി. സെന്‍റർ റൈറ്റ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഫ്രാൻസ്വ ഫില്ലന് ആദ്യ ഘട്ടത്തിൽ മൂന്നാം സ്ഥാനമാണ് പ്രവചിക്കപ്പെടുന്നത്.

ആദ്യ ഘട്ടത്തിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നാൽ, കൂടുതൽ വോട്ട് കിട്ടുന്ന രണ്ടു പേർ മേയ് ഏഴിനു നടക്കുന്ന രണ്ടാം ഘട്ടത്തിൽ മുഖാമുഖം ഏറ്റുമുട്ടും.

ആധുനിക ഫ്രാൻസിന്‍റെ ചരിത്രത്തിൽ ആദ്യമായി നിലവിലുള്ള പ്രസിഡന്‍റ് മത്സര രംഗത്തില്ലാത്ത തെരഞ്ഞെടുപ്പുമാണിത്. സോഷ്യലിസ്റ്റ് പ്രതിനിധിയായി ഫ്രാൻസ്വ ഒളാന്ദിനു പകരം ബെനോ ഹാമൻ മത്സരിക്കുന്നു. മറ്റു സ്ഥാനാർഥികൾ ഴാങ് ലൂക് മെലെൻകോണ്‍, നഥാലി അർതോഡ്, ഫ്രാൻസ്വ അലിന്യൂ, ഴാക്ക് ചെമിനാഡെ, നിക്കോളാസ് ഡ്യുപോന്‍റ്, ഴാങ് ലസാലെ, ഫിലിപ്പെ പൗടു എന്നിവരാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ