രാജ്യ തലസ്ഥാനത്ത് തസ്കരന്മാർക്ക് തൊണ്ടിമുതൽ സൂക്ഷിക്കാൻ ഗുഹ
Friday, April 7, 2017 7:51 AM IST
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് മോഷ്ടാക്കൾ തൊണ്ടിമുതൽ സൂക്ഷിക്കുന്ന രഹസ്യ ഗുഹ പോലീസ് കണ്ടെത്തി. അറസ്റ്റിലായ മോഷ്ടാക്കളെ തെളിവെടുപ്പിനായി കൊണ്ടുപോകും വഴിയാണ് നഗരമധ്യത്തിലെ രഹസ്യ സങ്കേതം പോലീസ് കണ്ടെത്തിയത്.

മോട്ടി ബാഗിലെ സ്മൃതി വാതിക പാർക്കിന് സമീപമുള്ള മലന്പ്രദേശത്തെ ഈ ഗുഹയ്ക്ക് ഏകദേശം 50 മീറ്ററോളം ആഴമുണ്ട്. ഇതിനുള്ളിലേക്ക് പ്രവേശിക്കാൻ രണ്ട് ഇടുങ്ങിയ പ്രവേശനകവാടമാണുള്ളത്. ഗുഹയ്ക്കുള്ളിൽ ആറു പേർക്ക് വിശാലമായി കിടക്കാനും ഭക്ഷണം പാകം ചെയ്യാനുമുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പോലീസ് നടത്തിയ പരിശോധനയിൽ ഇവിടെനിന്നും ഇലക്ട്രോണിക് സാധനങ്ങളടക്കം നിരവധി വിലയേറിയ തൊണ്ടി മുതലുകളാണ് പിടിച്ചെടുത്തത്. ഇരുട്ടുനിറഞ്ഞതും ഈർപ്പമുള്ളതുമായ ഇവിടം പുറംലോകത്തിന്‍റെ ശ്രദ്ധയിൽ നിന്ന് മാറിനിൽക്കാൻ സഹായകരമാണെന്ന് പോലീസ് പറഞ്ഞു.