കിഷൻഗഡിൽ ഗുണ്ടാവിളയാട്ടം: മലയാളി യുവാവിന് മർദ്ദനമേറ്റു
Friday, March 24, 2017 5:55 AM IST
ന്യൂഡൽഹി: വസന്ത് കുഞ്ച് കിഷൻഗഡിൽ ഗുണ്ടാസംഘം അഴിഞ്ഞാടിയതിനെത്തുടർന്ന് മലയാളി യുവാവിന് ഗുരുതരമായി പരിക്കേറ്റു. ടൂർ ആൻഡ് ട്രാവൽസ് നടത്തുന്ന ജോ എന്ന യുവാവിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ യുവാവിന്‍റെ സ്വർണ മാലയും കവർന്നു.

മാർച്ച് 20ന് അർധരാത്രിയിലായിരുന്ന സംഭവം. ജോലി കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിക്കവെ വീട്ടിൽ അതിക്രമിച്ചുകയറിയ നാലംഗ സംഘം ജോയെ മർദ്ദിച്ച് അവശനാക്കുകയായിരുന്നു. ശബ്ദം കേട്ട് അയൽ വാസികൾ എത്തിയപ്പോഴേയ്ക്കും അക്രമികൾ കടന്നുകളഞ്ഞു. തുടർന്ന് വിവരം അറിഞ്ഞെത്തിയ പോലീസ് ജോയെ AHMS ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനോ നിയമനടപടികൾ സ്വീകരിക്കാനോ പോലീസ് യയാറായിട്ടില്ല. ഇവിടെ ഇതിനു മുന്പും സമാനമായ അക്രമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതാണ് അക്രമികൾ വീണ്ടും അഴിഞ്ഞാടൻ കാരണമായത്. അക്രമികൾക്കെതിരെ ശക്തമായ നടപടികൾ ആവശ്യപ്പെട്ട് കിഷൻഗഡ് മലയാളി അസോസിയേഷനും ഡിഎംഎ തുടങ്ങിയ മലയാളി അസോസിയേഷനുകൾ രംഗത്തുവന്നു.