ജർമനിയിലെ ഗുരുദ്വാര ആക്രമണം; കൗമാരക്കാരായ പ്രതികൾക്ക് തടവ്
Wednesday, March 22, 2017 8:16 AM IST
ബെർലിൻ: ജർമനിയുടെ പടിഞ്ഞാറൻ നഗരമായ എസെനിൽ സിഖ് ഗുരുദ്വാര ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേസിൽ കൗമാരക്കാരായ മൂന്നു പ്രതികൾക്ക് തടവ് ശിക്ഷ. രണ്ടു പേർക്ക് ആറു വർഷവും ഒന്പതു മാസവും വീതമാണ് തടവ്. ഒരാൾക്ക് ഏഴു വർഷത്തേക്ക് യൂത്ത് ഡിറ്റൻഷനും. നിരോധിത ഇസ്ലാം ഭീകരസംഘടനയിൽപ്പെട്ട കൗമാരക്കാരാണ് മൂന്നുപേരും.

ഗുരുദ്വാരയ്ക്കു മുന്നിൽ ബോംബ് സ്ഥാപിച്ചതിനാണ് രണ്ടു പേർക്കെതിരേ വധശ്രമത്തിനു ശിക്ഷ വിധിച്ചിരിക്കുന്നത്. മൂന്നാമൻ ഗൂഢാലോചനയിൽ പങ്കാളിയായിരുന്നു. ഗുരുദ്വാരയുടെ മുന്നിൽ സ്ഥാപിച്ചിരുന്ന സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ വലയിലാക്കിയത്.

കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. നൂറുകണക്കിനാളുകൾ ദിവസേന വരുന്ന സ്ഥലമാണിത്. സ്ഫോടനം നടക്കുന്നതിനു മുൻപ് വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ടും നിരവധി പേർ ഇവിടെയെത്തിയിരുന്നു. എന്നാൽ, സ്ഫോടന സമയത്ത് വളരെ കുറച്ചാളുകൾ മാത്രമാണുണ്ടായിരുന്നത്. പതിമൂവായിരത്തോളം സിഖുകാരാണ് ജർമനിയിൽ ജീവിക്കുന്നത്.

സിഖ് പുരോഹിതൻ അടക്കം മൂന്നു പേർക്ക് സ്ഫോടനത്തിൽ പരുക്കേറ്റിരുന്നു. ഏപ്രിൽ 16 നാണ് നാനാക്സർ എന്ന സിക്ക് ഗുരുദ്വാരയുടെ കവാടത്തിൽ ബോംബ് ആക്രമണം ഉണ്ടായത്. പ്രത്യേക പോലീസ് സംഘമാണ് സ്ഫോടനത്തെക്കുറിച്ച് അന്വേഷണം നടത്തിയത്.

ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ ജനറൽ കോണ്‍സലർ രവീഷ്കുമാർ സംഭവം നടന്നതിന്‍റെ പിന്നാലെ ഗുരുദ്വാര സന്ദർശിക്കുകയും പോലീസ്, നഗരാധിപരുമായി കൂടിക്കണ്ട് ചർച്ചയും നടത്തിയിരുന്നു. സംഭവത്തിൽ ഇന്ത്യയുടെ ഉത്കണ്ഠയും അറിയിച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ