യുക്മ ദേശീയ നേതൃയോഗവും വിവിധ പോഷക വിഭാഗങ്ങളുടെ പരിശീലന കളരികളും ഏപ്രിൽ ഒന്നിന്
Wednesday, March 22, 2017 5:50 AM IST
ബെർമിംഗ്ഹാം: യുകെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ ദേശീയ നേതൃയോഗത്തിന് ബെർമിംഗ്ഹാം വേദിയൊരുങ്ങുന്നു.

ബെർമിംഗ്ഹാമിലെ കിംഗ്സ്റ്റാൻഡിംഗ് എക്സ് സർവീസ് മെൻസ് സോഷ്യൽ ക്ലബിൽ നടക്കുന്ന പരിപാടികൾ രണ്ട് സെഷനുകളായാണ് നടക്കുക. രാവിലെ 10.30ന് ആരംഭിക്കുന്ന നേതൃസമ്മേളനം യുക്മയുടെ 2017 ലെ ദർശനങ്ങളും ആഭിമുഖ്യങ്ങളും ചർച്ച ചെയ്യും. യുക്മ ഈ വർഷം യുവജനങ്ങൾക്കായി അവതരിപ്പിക്കുന്ന യുക്മ യൂത്ത്, യുക്മ റാപ്പിഡ് റെസ്പോണ്‍സ് ടീം എന്നിവയെക്കുറിച്ചുള്ള സമഗ്രമായ നിർദ്ദേശങ്ങൾക്കും ചർച്ചകളും രാവിലത്തെ സെഷനിൽ നടക്കും. "യുക്മ സാന്ത്വനം’ പദ്ധതിയുടെ അവലോകനവും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പദ്ധതി നടപ്പിലാക്കുവാനുള്ള ചർച്ചകളും യുക്മ ചാരിറ്റി ഫൗണ്ടേഷൻ പ്രവർത്തനങ്ങളുടെ വിലയിരുത്തലും യോഗത്തിൽ നടക്കും.

യുക്മ അംഗ അസോസിയേഷനുകൾക്കും യുക്മ റീജണുകൾക്കും ഒരു നിശ്ചിത തുക ലഭിക്കത്തക്കവിധം തയാറാക്കിയിരിക്കുന്ന വളരെ ആകർഷകമായ ഒരു പദ്ധതിക്കും യോഗത്തിൽ തുടക്കം കുറിക്കും. ദേശീയ വോളിബോൾ ടൂർണമെന്‍റ്, യുക്മ ടൂറിസം പ്രോജക്ട് എന്നിവയെക്കുറിച്ചും പകുതി പിന്നിട്ട യുക്മ മെംബർഷിപ് കാന്പയിനെകുറിച്ചും ആദ്യ സെഷനിൽ ചർച്ചചെയ്യും.

ഉച്ചഭക്ഷണത്തിനുശേഷം നടക്കുന്ന രണ്ടാമത്തെ സെഷനിൽ യുക്മ പോഷക വിഭാഗങ്ങളുടെ വിവിധ ഗ്രൂപ്പുകളായുള്ള യോഗങ്ങളും പരിശീലന കളരികളും ചർച്ചാ ക്ലാസുകളും നടക്കും. ഏപ്രിൽ 28ന് (വെള്ളി) സെൻട്രൽ ലണ്ടനിൽ നടക്കുന്ന യുക്മ നഴ്സസ് ഫോറം പഠന ശിബിരത്തിന്‍റെ ഓർഗനൈസിംഗ് കമ്മിറ്റി യോഗവും ജ്വാല ഇമാഗസിൻ എഡിറ്റോറിയൽ ബോർഡും ഇതോടൊപ്പം ചേരും. സാങ്കേതിക വളർച്ചയോടൊപ്പം സോഷ്യൽ മീഡിയകളിലൂടെയുള്ള ചിട്ടയായ പ്രചാരണത്തിന്‍റെ ആവശ്യകതയും അതിനായുള്ള പ്രായോഗിക അറിവുകളും ചർച്ച ചെയ്യുന്ന സോഷ്യൽ മീഡിയ ചർച്ചാക്ലാസിൽ വിദഗ്ധരായ വ്യക്തികൾ ചർച്ചകൾ നയിക്കും. യുക്മയുടെ ന്യൂസ് പോർട്ടലായ "യുക്മ ന്യൂസ്’ എഡിറ്റോറിയൽ ബോർഡിന്‍റെയും ന്യൂസ് ടീമിന്‍റെയും സംയുക്ത യോഗവും യുക്മ പിആർഒ ടീമിന്‍റെ യോഗവും ഇതോടൊപ്പം നടക്കും.

യുക്മയുടെ അടിസ്ഥാന ഘടകങ്ങളായ അംഗ അസോസിയേഷനുകളുമായി നേരിട്ട് ബന്ധപ്പെടുന്ന റീജണൽ ഭാരവാഹികളെ മുഴുവൻ പങ്കെടുപ്പിക്കുകവഴി, ദേശീയ തലത്തിലെ ചർച്ചകളും തീരുമാനങ്ങളും കൂടുതൽ വേഗത്തിൽ അംഗങ്ങളിലേക്കെത്തിക്കുവാൻ കഴിയുമെന്നതാണ് ദേശീയ നേതൃയോഗത്തിന്‍റെ പ്രധാന സവിശേഷത. ഏതെങ്കിലും കാരണത്താൽ വ്യക്തിപരമായ ക്ഷണം ലഭിച്ചിട്ടില്ലെങ്കിൽ പോലും തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ റീജണൽ ഭാരവാഹികളും യുക്മയുടെ പ്രഥമ ദേശീയ നേതൃയോഗത്തിൽ എത്തിച്ചേരണമെന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ് അഭ്യർഥിച്ചു.

ക്ലബിന്‍റെ വിലാസം: Kingstanding Ex-service Men’s Social Club, 72 Warren Farm Road, Birmingham - B44 0QN