യുഎസിനെതിരേ നിലപാടടെടുക്കാനാവാതെ ജി 20 ധനമന്ത്രിമാർ
ബെർലിൻ: സ്വതന്ത്ര വ്യാപാര കരാറുകൾക്കെതിരേ യുഎസ് സ്വീകരിച്ചിരിക്കുന്ന കടുത്ത നിലപാടുകൾക്കെതിരേ ശക്തമായി പ്രതിഷേധിക്കാൻ പോലുമാകാതെ ജി 20 ധനമന്ത്രിമാരുടെ ഉച്ചകോടി പിരിഞ്ഞു.

ജർമനിയിലെ ബാഡൻ ബാഡനിൽ നടന്ന ഉച്ചകോടിയിൽ അമേരിക്ക ഫസ്റ്റ്, പ്രൊട്ടക്ഷനിസ്റ്റ് നയങ്ങളാണ് ട്രംപ് പിന്തുടരുന്നതെന്ന് നിരന്തരം വ്യക്തമാക്കുന്പോഴും ഇതിനെതിരേ ബദൽ സമീപനത്തിനു രൂപം നൽകാനോ അമേരിക്കയ്ക്കെതിരേ ചെറുവിരൽ അനക്കാനോ ജി 20 സമ്മേളനത്തിനു സാധിച്ചില്ല.

വിദേശത്ത് ഉത്പാദനം നടത്തുന്ന കന്പനികൾക്കും ഇറക്കുമതി നടത്തുന്ന ഉത്പന്നങ്ങൾക്കും മറ്റും നികുതി ചുമത്താനുള്ള നീക്കവുമായാണ് യുഎസ് മുന്നോട്ടു പോകുന്നത്. ഇതിനെതിരേയും ജി 20 സമ്മേളത്തിന് ഒന്നും ചെയ്യാനായില്ല. അംഗരാജ്യങ്ങൾക്കിടയിൽ സമവായം സൃഷ്ടിക്കാൻ സാധിക്കാത്തതാണ് അമേരിക്കൻ നിലപാടുകൾക്കെതിരേ ഫലപ്രദമായ പ്രതിരോധം തീർക്കുന്നതിൽനിന്ന് ധനമന്ത്രിമാരെ തടയുന്നത്.

എന്നാൽ ജി 20 സമ്മേളനത്തിൽ പങ്കെടുക്കാൻ ജർമനിയിലെത്തിയ യുഎസ് ധനമന്ത്രി സ്റ്റീവൻ മുൻചിൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വെല്ലുന്ന ഭീഷണികളുമായെത്തിയത് ജർമനിയെ ചൊടിപ്പിച്ചു.

അമേരിക്ക സ്വീകരിക്കുന്ന നടപടികൾ ജർമനിയിൽ ഒന്നര മില്യണ്‍ തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്നും ജർമനിയിൽ നിർമിക്കുന്ന ഉത്പന്നങ്ങൾക്ക് യുഎസിൽ 20 ശതമാനം നികുതി ചുമത്തുമെന്നും ജർമൻ കാറുകൾക്ക് പിഴ ചുമത്തുമെന്നും മുൻചിൻ തുറന്നടിച്ചു.

അതേസമയം ജർമൻ ധനമന്ത്രി വോൾഫ്ഗാങ് ഷോബ്ളുമായി മുൻചിൻ നടത്തിയ ചർച്ചയിൽ തുല്യത ഉറപ്പാക്കുന്നതിനുള്ള നികുതികളാണ് ഉദ്ദേശിക്കുന്നതെന്നും എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ