വാൽസിംഹാം തീർഥാടനത്തിന് മാർ സ്രാന്പിക്കൽ നേതൃത്വം നൽകും
Sunday, March 19, 2017 3:15 AM IST
വാൽസിംഹാം: "ഇംഗ്ലണ്ടിലെ നസ്രേത്ത്’ എന്ന് അറിയപ്പെടുന്ന വാൽസിംഹാമിലേക്ക് 2017 ജൂലൈ 16-നു ഞായറാഴ്ച ഗ്രേറ്റ് ബ്രിട്ടൻ രൂപതയൊന്നാകെ വന്നെത്തും. കഴിഞ്ഞ പത്തുവർഷമായി ഈസ്റ്റ് ആംഗ്ലിയാ രൂപതയിലെ വൈദീകരും അത്മായരും നേതൃത്വം നൽകിവരുന്ന ഈ തീർഥാടനം ഈവർഷം മുതൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയാണ് പ്രധാന നേതൃത്വം നൽകിവരുന്നതാണ്.

എല്ലാവർഷവും ആയിരങ്ങൾ പങ്കെടുക്കുന്ന വാൽസിംഹാം തീർഥാടനം ഇത്തവണ മുതൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത ഏറ്റെടുത്ത് നടത്തുന്നത് പരി. മാതാവിനോടുള്ള നന്ദിസൂചകമായിട്ടാണ്. കഴിഞ്ഞവർഷം ജൂലൈ 28-നാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഫ്രാൻസീസ് മാർപാപ്പ പ്രഖ്യാപിച്ചതും രൂപതയുടെ ആദ്യ മെത്രാനായി മാർ ജോസഫ് സ്രാന്പിക്കലിനെ നിയമിച്ചതും.

2017 ജൂലൈ 16-നു ഞായറാഴ്ച നടക്കുന്ന തീർഥാടനത്തിൽ റവ.ഫാ. സജി ഓലിക്കലും ടീമും നയിക്കുന്ന മരിയൻ പ്രഭാഷണം, മാതാവിനു അടിമവെയ്ക്കൽ, പ്രദക്ഷിണം, മാർ ജോസഫ് സ്രാന്പിക്കൽ നേതൃത്വം നൽകുന്ന പൊന്തിഫിക്കൽ കുർബാന എന്നിവയുണ്ടായിരിക്കും. വാൽസിംഹാം തീർഥാടനത്തിലേക്ക് മാർ സ്രാന്പിക്കൽ ഏവരേയും ക്ഷണിച്ചു.

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്