ബ്രോംലിയിൽ മാർ ജോസഫ് സ്രാന്പിക്കൽ ആദ്യ ഇടയസന്ദർശനം പൂർത്തിയാക്കി
Saturday, March 18, 2017 8:16 AM IST
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാർ രൂപത ബിഷപ് മാർ ജോസഫ് സ്രാന്പിക്കൽ മാർച്ച് 12 മുതൽ 15 വരെ ദിവസങ്ങളിൽ ലണ്ടനിലെ പ്രമുഖ സീറോ മലബാർ കുർബാന കേന്ദ്രമായ ബ്രോംലിയിൽ ആദ്യ ഇടയ സന്ദർശനം നടത്തി.

മാർച്ച് 12ന് ലണ്ടനിൽ എത്തി ചേർന്ന പിതാവ് ആതിഥേയ രൂപതയായ സൗത്ത് വാർക് അതിരൂപത അധ്യക്ഷൻ മാർ പീറ്റർ സ്മിത്തിനെ സന്ദർശിച്ച് ചർച്ച നത്തി. ആർച്ച് ബിഷപ് പുതിയ രൂപതക്കും അധ്യക്ഷനും എല്ലാവിധ ആശംസകളും നേർന്നു.ബ്രോംലി പാരീഷ് ചാപ്ലിൻ ഫാ.സാജു പിണക്കാട്ടും പിതാവിനെ അനുധാവനം ചെയ്തു.

ബ്രോംലി സീറോ മലബാർ മാസ് സെന്‍ററിൽ എത്തിയ മാർ സ്രാന്പിക്കലിനെ ചാപ്ലിൻ ഫാ. സാജു പിണക്കാട്ടിന്‍റെയും പള്ളി കമ്മിറ്റി ഭാരവാഹികളുടെയും നേതൃത്വത്തിൽ വിശ്വാസ സമൂഹം ഒന്നുചേർന്ന് സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിച്ചു. തുടർന്നു നടന്ന ആഘോഷമായ വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശം കുഞ്ഞുങ്ങളുടെയും യുവ ജനങ്ങളുടെയും വിശ്വാസ പരിശീലനം കുടുംബങ്ങളിൽ അനിവാര്യമായ ഐക്യത്തിന്‍റെയും വിശ്വാസ ജീവിതത്തിന്‍റെയും കുടുംബ പ്രാർഥനകളുടെയും ആവശ്യകതകളെയും അതിശക്തമായ ബോധവത്കരണവുമായി.

പൊതുയോഗത്തിൽ ബ്രോംലിയിലെ വിശ്വാസ സമൂഹത്തിന്‍റെ സഹകരണത്തേയും പ്രവർത്തനങ്ങളെയും പ്രശംസിച്ച മാർ സ്രാന്പിക്കൽ ഇടവക സമൂഹത്തിന്‍റെ സന്തോഷവും സന്ദേഹവുമൊക്കെ സശ്രദ്ധം ശ്രവിച്ച പിതാവ് എല്ലാവരോടും വ്യക്തിപരമായി സംസാരിക്കുവാനും സമയം കണ്ടെത്തി. തുടർന്നു സ്നേഹവിരുന്നും നടന്നു. മൂന്ന് ദിവസങ്ങളിലായി നടന്ന ഇടയ സന്ദർശനത്തിൽ മാസ് സെന്‍ററിലെ ഭവനങ്ങൾ സന്ദർശിച്ച് പ്രാർഥനകൾ അർപ്പിക്കുകയും ചെയ്തു.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ