ഫ്രാങ്ക്ഫർട്ടിൽ ഇന്ത്യൻ അംബാസഡർക്ക് യാത്രയയപ്പ് നൽകി
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ഇന്ത്യൻ അംബാസഡറായ ഗുർജിത് സിംഗിന് ഫ്രാങ്ക്ഫർട്ട് കോണ്‍സൽ ജനറൽ, ഫ്രാങ്ക്ഫർട്ടിലെ കോണ്‍സലർ ഫോറം, ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവർ ചേർന്ന് യാത്രയയപ്പ് നൽകി.

ഫ്രാങ്ക്ഫർട്ട് സ്റ്റൈൻബെർഗർ ഇന്‍റർനാഷണൽ ഹോട്ടലിൽ നടന്ന യോഗത്തിൽ ഫ്രാങ്ക്ഫർട്ട് ഇന്ത്യൻ കോണ്‍സൽ ജനറൽ രവീഷ് കുമാർ സ്വാഗതം ആശംസിച്ചു. ഗുർജിത് സിംഗിന്‍റെ ഫോറിൻ സർവീസും വിവിധ രാജ്യങ്ങളിൽ നടത്തിയ സേവനങ്ങളും വിവരിച്ചു. മറുപടി പ്രസംഗത്തിൽ ജർമനിയിലെ അംബാസഡറായി സേവനം ചെയ്ത സമയം ജർമൻ ഫോറിൻ മിനിസ്ട്രി, വിവിധ രാഷ്ട്രീയ പ്രവർത്തകർ, ജർമൻ-ഇന്ത്യൻ വ്യവസായികൾ, ഇന്ത്യാക്കാർ, ഡയാസ്പോരാ എന്നിവർ നൽകിയ സഹായസഹകരണങ്ങൾക്ക് ഗുർജിത് സിംഗ് നന്ദി പറഞ്ഞു. തുടർന്നും ജർമനിയിലെ ഇന്ത്യാക്കാരും ഡയാസ്പോരായും ഇന്ത്യയുടെ പുരോഗമന, സാന്പത്തിക, പുത്തൻ വ്യവസായ നയങ്ങളും സാംസ്കാരിക പ്രവർത്തനങ്ങളും തുടരണമെന്നും അഭ്യർഥിച്ചു.

ചടങ്ങിൽ ഗുർജിത് സിംഗ് എഴുതിയ രണ്ട് പുസ്തകങ്ങളുടെ കോപ്പി അദ്ദേഹം കോണ്‍സൽ ജനറൽ രവീഷ് കുമാറിന് നൽകി. രവീഷ് കുമാർ മൊമെന്‍റോ അംബാസഡർക്ക് സമ്മാനിച്ചു. തുടർന്നു വിഭവസമൃദ്ധമായ അത്താഴവിരുന്നോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: ജോർജ് ജോണ്‍