വിയന്ന മലയാളി അസോസിയേഷൻ നിർമിച്ച ഭവനത്തിന്‍റെ താക്കോൽദാനം നിർവഹിച്ചു
Saturday, March 18, 2017 8:08 AM IST
വിയന്ന: ഓസ്ട്രിയയിലെ പ്രശസ്ത ഇന്ത്യൻ സാംസ്കാരിക സംഘടനയായ വിയന്ന മലയാളി അസോസിയേഷന്‍റെ ജീവകാരുണ്യ സംരംഭമായ വിഎംഎ ചാരിറ്റി ട്രസ്റ്റിന്‍റെ രണ്ടാമത്തെ ചാരിറ്റി പദ്ധതിക്ക് സമാപനമായി. വിഎംഎ ചാരിറ്റി ട്രസ്റ്റ് തൃശൂരിൽ നിർമിച്ച് നൽകിയ ഭവനത്തിന്‍റെ താക്കോൽ ദാനം മറ്റം സെന്‍റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. വർഗീസ് പാലത്തിങ്കൽ നിർവഹിച്ചു.

ഇതോടനുബന്ധിച്ചു നടന്ന ഉദ്ഘാടന കർമം കൃഷി മന്ത്രി സുനിൽ കുമാർ നിർവഹിച്ചു. യോഗത്തിൽ ഫാ. വർഗീസ് പാലത്തിങ്കൽ, സി.എൽ.സി ചാഴൂർ, മാത്യൂസ് കിഴക്കേക്കര (വിഎംഎ ചാരിറ്റി ചെയർമാൻ) എന്നിവർ പങ്കെടുത്തു. ഭവനത്തിന്‍റെ ശിലാസ്ഥാപന കർമം നിർവഹിച്ചത് ഫാ. ഡേവിസ് പനങ്കുളം ആണ്.

തൃശൂർ ജില്ലയിലെ മറ്റത്ത് തലചായ്ക്കുവാൻ ഒരു കൂരയെന്ന സ്വപ്നവുമായി ജീവിതത്തോട് മല്ലടിച്ചിരുന്ന മനോജിനാണ് കണ്ണടച്ച് തുറക്കും മുന്പേ വീടുമായി വിഎംഎ ചാരിറ്റി ട്രസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പള്ളി ദാനമായി നൽകിയ നാല് സെന്‍റ് ഭൂമിയിലാണ് വിഎംഎ ഭവനം നിർമിച്ചു നൽകിയത്.

വിഎംഎ ചാരിറ്റി ട്രസ്റ്റിന് നൽകി വരുന്ന സഹായത്തിന് എല്ലാ മലയാളികളോടും പ്രത്യേകം നന്ദി പറയുന്നതായും വിയന്നയിലും നാട്ടിലും നടന്ന എല്ലാ പരിപാടികളിലും പങ്കെടുത്ത് പദ്ധതി വൻ വിജയമാക്കിത്തീർത്ത കമ്മിറ്റി അംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മറ്റെല്ലാ അഭ്യുദയകാംക്ഷികൾക്കും ചെയർമാൻ മാത്യൂസ് കിഴക്കേക്കര നന്ദി പറഞ്ഞു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ