മ്യൂണിക്ക് എയർപോർട്ട് ടെർമിനൽ ടുവിന് അംഗീകാരം
ഫ്രാങ്ക്ഫർട്ട്: ലോകത്തിലെ ഏറ്റവും നല്ല എയർപോർട്ട് ടെർമിനലിനുള്ള 2017 ലെ അന്താരാഷ്ട്ര എയർപോർട്ട് അവാർഡിന് ജർമനിയിലെ മ്യൂണിക് എയർപോർട്ട് ടെർമിനൽ രണ്ട് തിരഞ്ഞെടുക്കപ്പെട്ടു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൈട്രാക്സ് ഇൻസ്റ്റിറ്റ്യൂട്ട് 14 മില്യണ്‍ യാത്രക്കാരിൽ നടത്തിയ സർവേയിലാണ് ഈ വിലയിരുത്തൽ.

ടെർമിനലിലേക്ക് വരാനുള്ള സൗകര്യം, ടെർമിനലിലെ എയർലൈൻസ് കൗണ്ട റുകൾ കണ്ടുപിടിക്കാനുള്ള ആധുനിക സ്ക്രീനുകൾ, ചെക്ക്-ഇൻ സൗകര്യം, ബാഗേജ് കാര്യർ ലഭ്യത, ബാഗേജ് സൂക്ഷിക്കാനുള്ള ലോക്കർ കൗണ്ടറുകൾ, ഷവർ ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളുമുള്ള ഫസ്റ്റ്ക്ലാസ് - ബിസിനസ് ക്ലാസ് ലോഞ്ചുകൾ എന്നിവയെല്ലാം വിലയിരുത്തിയാണ് ഏറ്റവും നല്ല ടെർമിനലിനുള്ള അംഗീകാരം സ്വന്തമാക്കിയത്.

മ്യൂണിക് എയർപോർട്ട് ടെർമിനൽ രണ്ടിൽ 60 ശതമാനം മ്യൂണിക് എയർപോർട്ട് കന്പനിയും 40 ശതമാനം ജർമൻ ലുഫ്ത്താൻസയുമാണ് മാനേജ് ചെയ്യുന്നത്. ഇവിടെ യാത്രക്കാർക്ക് ലോകത്തിലെ ഏറ്റവും മികച്ച എന്‍റർടൈൻമെന്‍റുകൾ ലഭ്യമാണ്.

റിപ്പോർട്ട്: ജോർജ് ജോണ്‍