ഇന്ത്യൻ ഇ ടൂറിസ്റ്റ് വീസ യാത്രക്കാർക്ക് ഫ്രീ മൊബൈൽ ഫോണ്‍ സിംകാർഡ്
Thursday, March 16, 2017 6:17 AM IST
ഫ്രാങ്ക്ഫർട്ട്: ഇന്ത്യയിലേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ ഇലക്ട്രോണിക് വീസ ഓണ്‍ അറൈവലുകളുടെ എണ്ണത്തിൽ കൂടുതൽ വർധനവ് വരുത്താൻ ഇന്ത്യ ഇ ടൂറിസ്റ്റ് വീസ യാത്രക്കാർക്ക് ഫ്രീ മൊബൈൽ ഫോണ്‍ സിംകാർഡ് നൽകുന്നു.

2016 ഒക്ടോബർ 15 മുതൽ നൽകാനിരുന്ന ഈ ഫ്രീ മൊബൈൽ ഫോണ്‍ സിംകാർഡ് ചില സാങ്കേതിക കാരണങ്ങളാൽ നീണ്ടു പോവുകയായിരുന്നു. എന്നാൽ മാർച്ച് 15 ന് ഇലക്ട്രോണിക് ടൂറിസ്റ്റ് വീസ ഓണ്‍ അറൈവലിൽ ഇന്ത്യയിലെത്തിയ ടൂറിസ്റ്റുകൾക്ക് ടൂറിസം മന്ത്രി ഡോ. മഹേഷ് ശർമ ഫ്രീ മൊബൈൽ ഫോണ്‍ സിംകാർഡ് നൽകി പദ്ധതി ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ എത്തുന്ന ടൂറിസ്റ്റുകൾ പാസ്പോർട്ടും ടിക്കറ്റുമായി അടുത്തുകാണുന്ന ബിഎസ്എൻഎൽ ഫോണ്‍ കൗണ്ടറിൽ സമീപിക്കുന്പോൾ തികച്ചും സൗജന്യമായി മൊബൈൽ ഫോണ്‍ സിംകാർഡ് ലഭിക്കും. ഇങ്ങനെ സൗജന്യമായി ലഭിക്കുന്ന മൊബൈൽ ഫോണ്‍ സിംകാർഡിൽ എമർജൻസി കോളുകൾ ഉപയോഗിക്കാൻ സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ തുക ചാർജ് ചെയ്യണമെങ്കിൽ യാത്രക്കാർക്ക് സ്വന്തമായി പണം അടച്ച് ചാർജ് ചെയ്യാവുന്നതാണ്. ഇലക്ട്രോണിക് ടൂറിസ്റ്റ വീസ എടുക്കുന്ന വിദേശ പൗരത്വമുള്ള പ്രവാസികൾക്കും ഈ സൗജന്യം പ്രയോജനപ്പെടുത്താം.

ഇന്ത്യയിൽ എത്തുന്ന വിദേശ ടൂറിസ്റ്റിന് ഒരു ഇന്ത്യൻ മൊബൈൽ ഫോണ്‍ സിംകാർഡ് വാങ്ങുക അത്ര എളുപ്പമല്ല. ഈ നൂലാമാലകളിൽ നിന്നെല്ലാം ഒഴിവായി സർക്കാർ നൽകുന്ന ഫ്രീ സിംകാർഡ് ഉപയോഗിച്ച് ഇന്ത്യയിലെ യാത്രകൾ സുരക്ഷിതമായി നടത്താം.

പുതിയ തീരുമാനത്തെ ജർമൻ, യൂറോപ്യൻ ടൂർ ഓപ്പറേറ്റർ അസോസിയേഷൻ സ്വാഗതം ചെയ്തു. ഇന്ത്യയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് മികച്ച സുരക്ഷാ സംവിധാനമാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ഹെൽപ്പ് ലൈൻ നന്പരുകളിൽ 12 ഭാഷകൾ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് സഞ്ചാരികൾക്ക് ഏറെ ഗുണം ചെയ്യുമെന്നും മന്ത്രി മഹേഷ് ശർമ പറഞ്ഞു. ഇപ്പോൾ 184 രാജ്യക്കാർക്ക് ഓണ്‍ലൈൻ വഴി ഇന്ത്യൻ വീസ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. അതുപോലെ ഇന്ത്യൻ ഇ വീസ കാലാവധി 90 ദിവസമായി ഉയർത്തുകയും ചെയ്തു.

വീസ ഓണ്‍ അറൈവലിന് താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദശിക്കുക. https://indianvisaonline.gov.in/visa/index.html

റിപ്പോർട്ട്: ജോർജ് ജോണ്‍