റീജണൽ ബൈബിൾ കണ്‍വൻഷനുകൾ ജൂണ്‍ ആറു മുതൽ
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ആദ്യ അഭിഷേകാഗ്നി ബൈബിൾ കണ്‍വൻഷന് ഒരുക്കമായി റീജണ്‍ തലത്തിൽ ബൈബിൾ കണ്‍വൻഷനുകൾ സംഘടിപ്പിക്കുന്നു. ഒക്ടോബറിൽ നടക്കുന്ന അഭിഷേകാഗ്നി കണ്‍വൻഷനുവേണ്ടി വിശ്വാസികളെ ആത്മീയമായി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കണ്‍വൻഷനുകൾ സംഘടിപ്പിക്കുന്നത്.

ജൂണ്‍ ആറു മുതൽ 20 വരെ എട്ടു സെന്‍ററുകളിലായി നടക്കുന്ന കണ്‍വൻഷന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ന്യൂ ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. സജി ഓലിക്കലും പ്രസിദ്ധ ദൈവവചന പ്രഘോഷകൻ ബ്രദർ റെജി കൊട്ടാരവും നേതൃത്വം നൽകും. ബ്രിസ്റ്റോൾ, ലണ്ടൻ, ഈസ്റ്റ് ആംഗ്ലിയ, മാഞ്ചസ്റ്റർ, ഗ്ലാസ്ഗോ, പ്രസ്റ്റണ്‍, ബർമിംഗ്ഹാം, സൗതാംപ്ടണ്‍ എന്നിവിടങ്ങളിൽ നടക്കുന്ന കണ്‍വൻഷനുകൾക്ക് യഥാക്രമം ഫാ. പോൾ വെട്ടിക്കാട്ട്, ഫാ. തോമസ് പാറയടിയിൽ, ഫാ. ടെറിൻ മുല്ലക്കര, ഫാ. സജി മലയിൽ പുത്തൻപുരയിൽ, ഫാ. ജോസഫ് വെന്പാടംതറ, ഫാ. മാത്യു പിണക്കാട്ട്, ഫാ. ജയ്സണ്‍ കരിപ്പായി, ഫാ. ടോമി ചിറയ്ക്കൽ മണവാളൻ എന്നിവർ നേതൃത്വം നൽകും.

സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന രൂപതയുടെ ആദ്യ ഒൗദ്യോഗിക ബൈബിൾ കണ്‍വൻഷൻ ഒക്ടോബർ 22 മുതൽ 29 വരെ തീയതികളിലാണ് ക്രമീകരിച്ചിരിക്കുന്നത്. രൂപത കുടുംബം ഒരുമിച്ചിരുന്നു വചനം വായിക്കുകയും പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന കണ്‍വൻഷനുകളിൽ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ അഭ്യർഥിച്ചു.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്