മെർക്കൽ ഭീകരരെ പിന്തുണയ്ക്കുന്നു: തുർക്കി
Wednesday, March 15, 2017 8:11 AM IST
ബെർലിൻ: ഭീകര പ്രവർത്തനങ്ങളെയും ഭീകരാവാദികളെയും പിന്തുണയ്ക്കുന്ന നിലപാടാണ് ജർമൻ ചാൻസലർ ആംഗല മെർക്കൽ സ്വീകരിച്ചിരിക്കുന്നതെന്ന് തുർക്കി പ്രസിഡന്‍റ് എർദോഗൻ. തുർക്കിയുടെ റാലി ജർമനിയിൽ നിരോധിക്കപ്പെട്ടതിനെത്തുടർന്ന് ഉയർന്ന വിവാദം ആളിക്കത്തിക്കുന്നതാണ് എർദോഗന്‍റെ ഈ പരാമർശം. റാലി നിരോധിച്ചത് നാസി കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന നടപടിയാണെന്ന് എർദോഗൻ നേരത്തെ ആരോപിച്ചിരുന്നു.

നെതർലൻഡ്സ് അടക്കമുള്ള യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുമായി തുർക്കി സംഘർഷം ഒഴിവാക്കണമെന്നും പ്രകോപനപരമായ പരാമർശങ്ങൾ പാടില്ലെന്നും യൂറോപ്യൻ യൂണിയൻ ഉപദേശിച്ചതിനു തൊട്ടു പിന്നാലെയാണ് എർദോഗന്‍റെ പുതിയ പരാമർശം.

ജർമനിയെ ആക്ഷേപിച്ചതിനു പിന്നാലെ നെതർലൻഡ്സിനെതിരേയും എർദോഗൻ നാസി പരാമർശം നടത്തി. നാസി പിൻഗാമികളും ഫാസിസ്റ്റുകളുമാണ് ഡച്ച് സർക്കാർ എന്നാണ് ആരോപണം. സകല സീമകളും ലംഘിക്കുന്ന ആരോപണമാണ് എർദോഗാൻ ഉന്നയിച്ചിരിക്കുന്നതെന്ന് ഡച്ച് പ്രധാനമന്ത്രി മാർക്ക് റൂട്ടെയുടെ പ്രതികരണം. ഡച്ച് നഗരത്തിൽ തുർക്കി വിദേശമന്ത്രി പങ്കെടുക്കാനിരുന്ന റാലിക്ക് അനുമതി നിഷേധിച്ചതാണ് എർദോഗാനെ പ്രകോപിപ്പിച്ചത്. നേരത്തെ ജർമനിക്കെതിരെ നാസി പരാമർശം നടത്തിയതും സമാന കാരണത്താലായിരുന്നു.

ഭരണഘടനാ ഭേദഗതി നടത്തി തനിക്ക് കൂടുതൽ അധികാരങ്ങൾ ഉറപ്പാക്കാൻ എർദോഗാൻ നടത്തുന്ന ജനഹിത പരിശോധനയുടെ പ്രചാരണാർഥമാണ് തുർക്കി വംശജർ ഏറെയുള്ള വിദേശ രാജ്യങ്ങളിൽ റാലികൾ സംഘടിപ്പിക്കുന്നത്.

ഇതിനിടെ തുർക്കിയിലേക്കു യാത്ര ചെയ്യുന്നതിനെതിരേ നെതർലൻഡ്സ് സർക്കാർ സ്വന്തം പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി.

ജനഹിത പരിശോധനയുടെ പ്രചാരണാർഥം നെതർലൻഡ്സിലെ റോട്ടർഡാമിൽ തുർക്കി നടത്താനിരുന്ന റാലി നിരോധിക്കപ്പെട്ടതിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ ഉടലെടുത്ത സംഘർഷാവസ്ഥയാണ് ഇതിനു കാരണം. റാലിയിൽ പങ്കെടുക്കാനെത്തിയ ഒരു മന്ത്രിയുടെ വിമാനത്തിന് ഡച്ച് അധികൃതർ ലാൻഡ് ചെയ്യാൻ അനുമതി നിഷേധിക്കുകയും മറ്റൊരു മന്ത്രിയെ റാലി നടക്കുന്ന സ്ഥലത്തേക്കു പോകാൻ അനുവദിക്കാതെ പോലീസ് എസ്കോർട്ടിൽ ജർമനിയിലേക്ക് നിർബന്ധിതമായി അയയ്ക്കുകയും ചെയ്തിരുന്നു.

ഡച്ച് നടപടി നാസി കാലഘട്ടത്തിലേതുപോലെയാണെന്നാണ് തുർക്കി പ്രസിഡന്‍റ് എർദോഗാൻ ഇതിനോടു പ്രതികരിച്ചത്. ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ഡച്ച് സർക്കാരും ശക്തമായ ഭാഷയിൽ തന്നെ തിരിച്ചടിച്ചിരുന്നു.

ആരോപണങ്ങൾ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ, നെതർലൻഡ്സിന് പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കാനും മെർക്കൽ തയാറായതോടെ മെർക്കലിനെ പുകഴ്ത്തി യൂണിയൻ തുർക്കിക്ക് താക്കീതും നൽകി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ