ട്രാഫിക്കിൽ ഇനി കാമറ പോലീസ്
Saturday, March 11, 2017 5:02 AM IST
ബംഗളൂരു: നഗരത്തിൽ ഇനി ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാരുടെ യൂണിഫോമിൽ രഹസ്യകാമറകളുമുണ്ട ാകും. ട്രാഫിക് പോലീസിന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ട്രാഫിക് പോലീസുകാർ നിർബന്ധമായും ഈ കാമറകൾ ധരിച്ചിരിക്കണമെന്നാണ് നിർദേശം. ട്രാഫിക് പോലീസ് ഡ്യൂട്ടിയിലായിരിക്കുന്പോൾ ഓട്ടോമാറ്റിക് ആയി കാമറ റോഡിലെ ദൃശ്യങ്ങൾ പകർത്തും. നിയമം ലംഘിച്ചതിനു പിടിയിലാകുന്നവരും പോലീസും തമ്മിലുള്ള തർക്കം ഒഴിവാക്കാനും കൈക്കൂലി വാങ്ങുന്നത് തടയുന്നതിനും ജിപിഎസ് സംവിധാനമുള്ള രഹസ്യകാമറ സഹായിക്കും.

പരീക്ഷണാടിസ്ഥാനത്തിൽ 150 ഗ്രാം ഭാരമുള്ള 50 കാമറകളാണ് ഇപ്പോൾ എത്തിച്ചിരിക്കുന്നത്. ഇതു വിജയമാണെന്നു കണ്ടാൽ കൂടുതൽ കാമറകൾ എത്തിക്കാനാണ് തീരുമാനം. തുടർച്ചയായി പത്തു മണിക്കൂർ ദൃശ്യങ്ങൾ പകർത്താൻ ശേഷിയുള്ളവയാണ് കാമറ.

ഗതാഗതലംഘനത്തിന്‍റെ പേരിൽ നിരപരാധികളായ വാഹനഉടമകൾക്കെതിരേ നോട്ടീസ് വരുന്നുവെന്ന് ആരോപണമുയർന്നിരുന്നു. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ നന്പർ രേഖപ്പെടുത്തുന്നതിൽ ട്രാഫിക് പോലീസുകാർ വരുത്തുന്ന പിഴവും ഇതിനു കാരണമാണ്. ഈ സാഹചര്യത്തിൽ പുതിയ നടപടി ഏറെ സഹായകമാകുമെന്ന് ട്രാഫിക് പോലീസ് അഡീഷണൽ കമ്മീഷണർ ആർ. ഹിതേന്ദ്ര പറഞ്ഞു.