നമ്മ മെട്രോ: കെആർ പുരം- സിൽക്ക് ബോർഡ് പാതയ്ക്ക് അനുമതി
Saturday, March 11, 2017 5:01 AM IST
ബംഗളൂരു: നമ്മ മെട്രോ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന കെആർ പുരം- സെൻട്രൽ സിൽക്ക് ബോർഡ് പാതയ്ക്ക് സംസ്ഥാന സർക്കാരിന്‍റെ അനുമതി. 17 കിലോമീറ്റർ ദൈർഘ്യം വരുന്ന, ഒൗട്ടർ റിംഗ് റോഡിലെ പാതയിൽ കെആർ പുരത്തിനും സിൽക്ക് ബോർഡിനുമിടയിൽ 13 സ്റ്റേഷനുകളായിരിക്കും ഉണ്ടാവുക. രണ്ടാം ഘട്ടത്തിന്‍റെ തുടക്കത്തിൽ തന്നെ ഈ പാതയ്ക്കായി നിർദേശമുണ്ടായിരുന്നു. എന്നാൽ രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ടിരുന്നില്ല. 4202 കോടി രൂപയാണ് പാതയ്ക്ക് നിർമാണചെലവ് പ്രതീക്ഷിക്കുന്നത്.

റോഡിലെ ഗതാഗതപ്രശ്നങ്ങൾ കണക്കിലെടുത്താണ് പദ്ധതിക്ക് സർക്കാർ അനുമതി നല്കിയതെന്ന് നിയമമന്ത്രി ടി.ബി. ജയചന്ദ്ര അറിയിച്ചു. ഗതാഗതതടസം രൂക്ഷമായ ഈ റൂട്ടിൽ മെട്രോ വരുന്നത് ഐടി ജീവനക്കാരടക്കം നിരവധി പേർക്ക് ആശ്വാസമാകും.

72 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാംഘട്ടം 2021ൽ പൂർത്തിയാക്കാനാണ് ബിഎംസിആർഎൽ തീരുമാനിച്ചിരിക്കുന്നത്. 26,405.15 കോടി രൂപയാണ് രണ്ടാം ഘട്ടത്തിൽ നിർമാണചെലവ് പ്രതീക്ഷിക്കുന്നത്.