ഏതു പ്രശ്നവും പരിഹരിക്കാൻ "ജനഹിത’
Saturday, March 11, 2017 5:01 AM IST
ബംഗളൂരു: സംസ്ഥാനത്തെ പൊതുവിഷയങ്ങൾ ഇനി ജനങ്ങൾക്ക് വളരെയെളുപ്പം അധികൃതർക്കു മുന്നിലെത്തിക്കാം. സർക്കാരിന്‍റെ മേൽനോട്ടത്തിലുള്ള പുതിയ മൊബൈൽ ആപ്ലിക്കേഷനായ ജനഹിത വഴിയാണ് ഇത് സാധ്യമാകുന്നത്. കർണാടക മുനിസിപ്പൽ ഡവലപ്മെന്‍റ് കൗണ്‍സിലാണ് ആപ്പ് തയാറാക്കിയത്. സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളെയും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവർത്തനരഹിതമായ വഴിവിളക്കുകൾ, മാലിന്യനിക്ഷേപം തുടങ്ങി അതത് തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ വരുന്ന ഏത് സാമൂഹ്യപ്രശ്നങ്ങളും ആപ്പ് വഴി ജനങ്ങൾക്ക് അധികൃതരെ അറിയിക്കാം. വിവിധ രേഖകളും സർട്ടിഫിക്കറ്റുകളും ലഭിക്കാനും ആപ്പ് ഉപയോഗിക്കാം.

ഉത്തരവാദിത്തപ്പെട്ട മുതിർത്ത സിവിക് ഉദ്യോഗസ്ഥർ പരാതികൾ പരിശോധിച്ച ശേഷം അതത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിച്ചോ എന്ന് അന്വേഷിക്കും. സാധാരണ പ്രശ്നങ്ങൾ ഒരു ദിവസത്തിനുള്ളിൽ പരിഹരിക്കും. അതേസമയം, രേഖകളും സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട അപേക്ഷകൾ ഏഴു ദിവസത്തിനുള്ളിൽ തീർപ്പാക്കും.