ജർമനിയിൽ വർണവിവേചനം: യുഎൻ
Wednesday, March 1, 2017 8:08 AM IST
ബെർലിൻ: കറുത്ത വർഗക്കാർ പ്രവേശിക്കാൻ പാടില്ലാത്ത ഇടങ്ങൾ ജർമനിയിലുള്ളതായി ഐക്യരാഷ്ട്ര സഭ. പ്രഖ്യാപിത നിരോധനം നിലവിലില്ലെങ്കിലും കറുത്ത വർഗക്കാർ വർണ, വംശ വിവേചനം ഭയക്കുന്ന ഇടങ്ങൾ രാജ്യത്ത് ഏറെയാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇത്തരം സ്ഥലങ്ങളിൽ പോകുന്നത് ജോലി സംബന്ധമായും മറ്റും നിർബന്ധമാകുന്ന സാഹചര്യങ്ങളിൽ, കഴിവതും കുടുംബാംഗങ്ങളെയും മറ്റും കൂടെ കൂട്ടാതിരിക്കുകയാണ് കറുത്ത വർഗക്കാരായ പുരുഷൻമാർ ചെയ്യുന്നത്.

വർഷങ്ങളായി ജർമനിയിൽ കഴിയുന്നവർ പോലും ഈ ഭീതിയിൽനിന്നു മുക്തരല്ല. അന്താരാഷ്ട്ര ഉദ്യോഗസ്ഥർ വരെ ഇത്തരത്തിലുള്ള ആശങ്ക പങ്കുവയ്ക്കുകയും ചെയ്യുന്നതായി യുഎൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സാക്സണിയിലാണ് വംശീയത ഏറ്റവും ശക്തമെന്നും ചിലരുമായി നടത്തിയ അഭിമുഖങ്ങളിൽ പറയുന്നു. സ്റ്റേറ്റ് പോലീസിനു പോലും വംശീയ മനോഭാവമുള്ളതായി ഇവിടത്തെ ഭരണാധികാരികൾ വരെ സമ്മതിച്ചിട്ടുള്ളതാണ്.

രണ്ട് അഭിഭാഷകരും ഒരു മനുഷ്യാവകാശ വിദഗ്ധനും ഉൾപ്പെട്ട യുഎൻ സംഘമാണ് ബെർലിൻ, ഡ്രെസ്ഡൻ, ഫ്രാങ്ക്ഫർട്ട്, വീസ്ബേഡൻ, ഡുസൽഡോർഫ്, കൊളോണ്‍, ഹാംബുർഗ് എന്നിവിടങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കിയത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ