ഫാ. യേശുദാസ് ഒസിഡി സിൽവർ ജൂബിലി നിറവിൽ
Wednesday, March 1, 2017 8:06 AM IST
ഹാഗൻ: പൗരോഹിത്യ ജീവിതത്തിന്‍റെ സിൽവർ ജൂബിലി നിറവിലെത്തിയ ഫാ. യേശുദാസ് ഒസിഡി കൃതജ്ഞതാബലിയർപ്പണത്തിലൂടെ ദൈവത്തിന്‍റെ അനന്തകാരുണ്യത്തെ മഹത്വപ്പെടുത്തി. ഹാഗൻ ഹൈലിഗെ ഗൈസ്റ്റ് ദേവാലയത്തിൽ നടന്ന ആഘോഷമായ ദിവ്യബലിയിൽ ഫാ.യേശുദാസ് മുഖ്യകാർമികത്വം വഹിച്ചു. ഫാ. സജു, ഫാ. ഫ്രെനി, ഫാ.റൂബൻ എന്നിവർ സഹകാർമികരായിരുന്നു.

തുടർന്നു പാരീഷ്ഹാളിൽ നടന്ന സിൽവർ ജൂബിലിയോഘോഷം ജർമനിയിലെ ലാറ്റിൻ കാത്തലിക് അസോസിയേഷൻ പ്രസിഡന്‍റ് ജോണ്‍ ദാനിയേൽ ഉദ്ഘാടനം ചെയ്തു. ഫ്രെഡീന നസ്രത്ത് ഫാ. യേശുദാസിന് ബൊക്ക നൽകി ആദരിച്ചു. അച്ചന്‍റെ വൈദിക സേവനത്തെക്കുറിച്ചും പ്രവർത്തന മേഖലയെക്കുറിച്ചും എഡ്വേർഡ് നസ്രത്ത് വിവരിച്ചു. ലാറ്റിൻ കാത്തലിക് അസോസിയേഷന്‍റെ ഉപഹാരം വില്യം പത്രോസ് സമ്മാനിച്ചു. ചടങ്ങിൽ
ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആഘോഷത്തിൽ പങ്കെടുത്ത വൈദികരും സന്യസ്തരും അൽമായരും യേശുദാസച്ചനെ അനുമോദിച്ചു. എൽസിഎ സെക്രട്ടറി യേശുദാസൻ കുറ്റിവിള നന്ദി പ്രസംഗം നടത്തി. വിഭവസമൃദ്ധമായ അഗാപ്പയോടെ പരിപാടികൾ സമാപിച്ചു.

കൊല്ലം രൂപതയിലെ പടപ്പക്കരയാണ് ഫാ.യേശുദാസിന്‍റെ ജനനം. ആറുമക്കളുള്ള കുടുംബത്തിലെ മൂത്തയാളായ യേശുദാസ് വൈദികനാകാനുള്ള മോഹത്തോടെ പ്രീഡിഗ്രി പഠനത്തിനുശേഷം സെമിനാരിയിൽ ചേർന്നു.

കാർമലീത്ത സഭാ വൈദികനായി പട്ടം ലഭിച്ച ഫാ. യേശുദാസ് കേരളത്തിൽ വിവിധ മേഖലകളിൽ കർമനിരതനായി. 1997 ൽ ജർമനിയിലെ വുർസ്ബുർഗ് രൂപതയിൽ വൈദികവൃത്തിക്കായി എത്തി. തുടർന്ന് പാഡർബോണ്‍, റേഗൻസ്ബുർഗ് രൂപതയിലും കൊളോണ്‍ അതിരൂപതയിലും വിവിധ പള്ളികളിൽ സേവനം ചെയ്തു. 2010 മുതൽ ഹാഗനിലെ ആശ്രമത്തിലും പള്ളികളിലുമായി ഇപ്പോൾ അച്ചൻ സേവനം അനുഷ്ടിച്ചുവരുന്നു.

ജർമനിയിലെ ലാറ്റിൻ കാത്തലിക് അസോസിയേഷന്‍റെ വളർച്ചയിൽ ഫാ. യേശുദാസ് വഹിച്ച പങ്ക് പ്രശംസനീയമാണ്. അച്ചന്‍റെ നിറഞ്ഞ പുഞ്ചിരിയോടെയുള്ള സ്നേഹാർദ്രമായ സഹവർത്തിത്വവും സേവനവും സഭയ്ക്കും ജർമൻ മലയാളികൾക്കും എന്നും ഒരു മുതൽക്കൂട്ടാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ