വിശ്വാസികൾക്ക് ആശ്വാസമേകി ഇടയന്‍റെ രോഗീസന്ദർശനം
Wednesday, March 1, 2017 6:18 AM IST
ബംഗളൂരു: രോഗക്ലേശങ്ങളിൽ ആശ്വാസം പകർന്ന് വലിയ ഇടയനെത്തി. മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്‍റണി കരിയിലാണ് അജഗണങ്ങൾക്ക് ദൈവപരിപാലനയുടെ സന്ദേശം പകർന്ന് എത്തിയത്. രൂപതയിലെ അഞ്ചു ഫൊറോനകളിലെ മുപ്പതിലധികം ഇടവകകളിലായി നൂറിലേറെ കിടപ്പുരോഗികളെ സന്ദർശിച്ച് അവർക്ക് ആശ്വാസം പകരുകയാണ് മാർ ആന്‍റണി കരിയിൽ. രോഗികൾക്കായി പ്രാർഥിക്കുകയും അവർക്ക് സമ്മാനങ്ങൾ നല്കുകയും അവരോടൊപ്പം ദീർഘസമയം ചെലവിടുകയും ചെയ്യുന്നു. പുതിയ കർമപരിപാടി രൂപതയിലെ വിശ്വാസികൾക്ക് പുതിയ അനുഭവമായി മാറുകയാണെന്ന് രൂപതാ പിആർഒ റവ.ഡോ. ഡേവിസ് പാണാടൻ സിഎംഐ അറിയിച്ചു.