വിദേശ മാധ്യമ പ്രവർത്തകർക്കുമേൽ ജർമനി നിരീക്ഷണം ഏർപ്പെടുത്തി
Saturday, February 25, 2017 10:16 AM IST
ബെർലിൻ: ജർമൻ വിദേശ ഇന്‍റലിജൻസ് ഏജൻസിയായ ബിഎൻഡി പല വിദേശ മാധ്യമ പ്രവർത്തകർക്കുമേലും ചാര നിരീക്ഷണം നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തൽ. ബിബിസി, ന്യൂയോർക്ക് ടൈംസ്, റോയിട്ടേഴ്സ് തുടങ്ങിയ സ്ഥാപനങ്ങളിലെ മാധ്യമ പ്രവർത്തകരെയാണ് നിരീക്ഷിച്ചിരുന്നതെന്ന് ഡെർ സ്പീഗൽ റിപ്പോർട്ട് ചെയ്യുന്നു.

ഇതു സംബന്ധിച്ച രേഖകൾ തങ്ങളുടെ കൈവശമുള്ളതായാണ് സ്പീഗൽ അവകാശപ്പെടുന്നത്. 50 ടെലിഫോണ്‍ നന്പറുകളെങ്കിലും ചോർത്തിയിരുന്നുവെന്നാണ് സൂചന. ഇതു കൂടാതെ ഫാക്സ് നന്പരുകളും ഇമെയിൽ വിലാസങ്ങളും നിരീക്ഷണ വിധേയമാക്കിയിരുന്നു. ലോകത്തിന്‍റെ വിവധ ഭാഗങ്ങളിലുള്ള റിപ്പോർട്ടർമാരും എഡിറ്റർമാരും ഇതിൽ ഉൾപ്പെട്ടിരുന്നു എന്നും സ്പീഗൽ.

ബിബിസിയുടെ അഫ്ഗാനിസ്ഥാൻ ബ്യൂറോയിൽ നിരീക്ഷണം ശക്തമായിരുന്നു. ന്യൂയോർക്ക് ടൈംസിന്‍റെ അഫ്ഗാനിലെ ഓഫീസും പട്ടികയിലുണ്ട്. റോയിട്ടേഴ്സിന്‍റെ അഫ്ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും നൈജീരിയയിലെയും മൊബൈൽ ഫോണുകളും സാറ്റലൈറ്റ് ഫോണുകളും വരെ ചോർത്തിയവയിൽപെടുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ