ഫോക്സ് വാഗൻ എക്സിക്യൂട്ടീവിന് ശന്പളത്തിന് പരിധി നിശ്ചയിച്ചു
Saturday, February 25, 2017 10:16 AM IST
ബെർലിൻ: മുതിർന്ന എക്സിക്യൂട്ടീവുകളുടെ ശന്പളത്തിന് പരിധി നിശ്ചയിക്കാൻ ഫോക്സ് വാഗൻ തീരുമാനിച്ചു. പ്രവർത്തന മികവ് കൂടുതൽ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം മാത്രമായിരിക്കും ഇനി പ്രതിഫലം നിശ്ചയിക്കുക.

ചീഫ് എക്സിക്യൂട്ടീവിന് സകല ആനൂകൂല്യങ്ങളും ഉൾപ്പെടെ പത്തു മില്യണ്‍ യൂറോ ആയിരിക്കും പരമാവധി പ്രതിഫലം. മറ്റു ബോർഡ് അംഗങ്ങൾക്ക് അഞ്ചര മില്യണ്‍ ആയിരിക്കും പരിധി.

മലിനീകരണ തട്ടിപ്പ് വിവാദത്തെത്തുടർന്ന് രാജിവച്ച ചീഫ് എക്സിക്യൂട്ടീവ് മാർട്ടിൻ വിന്‍റർകോണ്‍ 2011ൽ പതിനേഴര മില്യണ്‍ യൂറോ പ്രതിഫലം പറ്റിയിരുന്നു. വൻ ബോണസ് വഴിയായിരുന്നു ഇത്.

മലിനീകരണത്തട്ടിപ്പിനെ തുടർന്നു 2015ൽ നഷ്ടം നേരിട്ട കന്പനി കഴിഞ്ഞ വർഷം ലാഭത്തിൽ തിരിച്ചെത്തിയതായും അറിയിച്ചു. 5.1 ബില്യണ്‍ യൂറോയാണ് കഴിഞ്ഞ വർഷത്തെ ലാഭം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ