ആയുർദൈർഘ്യം 2030 ൽ 90 വർഷമായേക്കാമെന്ന് പഠന റിപ്പോർട്ട്
Saturday, February 25, 2017 6:52 AM IST
ഫ്രാങ്ക്ഫർട്ട്: പല രാജ്യങ്ങളിലും 2030 ഓടെ ശരാശരി ആയുർദൈർഘ്യം വർധിക്കാൻ സാധ്യതയുള്ളതായി പുതിയ പഠന റിപ്പോർട്ട്. ഇംപീരിയൽ കോളജ് ലണ്ടൻ, ലോകാരോഗ്യ സംഘടന എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് 2030ഓടെ 35 വ്യവസായിക രാജ്യങ്ങളിലുള്ളവരുടെ ആയുർദൈർഘ്യത്തിൽ വന്നേക്കാവുന്ന മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.

വികസിത രാജ്യങ്ങളായ യുഎസ്, കാനഡ, യുകെ, ജർമനി, ഓസ്ട്രേലിയ തുടങ്ങി വികസ്വരരാജ്യങ്ങളായ പോളണ്ട്, മെക്സികോ, ചെക്ക് റിപ്പബ്ളിക് എന്നീ രാജ്യങ്ങളിലും ഈ പഠനം നടത്തിയിരുന്നു. ഈ രാജ്യങ്ങളിൽ 2030ഓടെ ആയുർദൈർഘ്യം വർധിക്കുമെന്നാണ് പഠനം പറയുന്നത്. ദക്ഷിണ കൊറിയയായിരിക്കും ഇതിൽ ഏറ്റവും മുൻപന്തിയിൽ. ദക്ഷിണ കൊറിയയിൽ 2030ഓടെ ശരാശരി ആയുർദൈർഘ്യം 90 ലധികമായേക്കാം. ഇവിടെ 2030ൽ ജനിക്കുന്ന പെണ്‍കുഞ്ഞ് 90.8 വർഷം വരെ ജീവിച്ചേക്കാം.

ആണ്‍കുട്ടികളുടെ ശരാശരി ആയുർദൈർഘ്യം 84.1 വർഷമാണ്. 2030ൽ ദക്ഷിണ കൊറിയയിൽ 65 വയസ് പ്രായമുള്ളയാൾക്ക് 27.5 വർഷം കൂടി അധിക ആയുസുണ്ടാകും. കുട്ടിക്കാലത്തെ നല്ല പോഷകാഹാരം, കുറഞ്ഞ രക്തസമ്മർദം, കുറഞ്ഞ അളവിലുള്ള പുകവലി, ആരോഗ്യസംരക്ഷണം, വൈദ്യശാസ്ത്രപരമായ അറിവ് എന്നിവയാകാം ദക്ഷിണ കൊറിയയിൽ ആയുർദൈർഘ്യത്തിൽ വൻ വർധനവുണ്ടാവാൻ കാരണമെന്ന് ഇംപീരിയൽ കോളജ് പ്രഫ. മാജിദ് എസാദി അഭിപ്രായപ്പെട്ടു. ഇന്‍റർനാഷണൽ ലാൻസന്‍റ് ജേണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

റിപ്പോർട്ട്: ജോർജ് ജോണ്‍