ഇറ്റലിയിൽ മലയാളികളുടെ ആദ്യ ഇംഗ്ളീഷ് മീഡിയം സ്കൂൾ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു
Saturday, February 25, 2017 4:40 AM IST
റോമിലെ മലയാളി കൂട്ടായ്മയും ഇറ്റലിയിൽ നിന്നുള്ള വ്യവസായികളും സംയുക്തമായി ആരംഭിച്ച ഇന്തോ-മെഡിറ്ററേനിയൻ സ്കൂളിന്‍റെ ഉദ്ഘാടനം മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിച്ചു. റോമിൽ നടന്ന ചടങ്ങിൽ ഇന്നസെന്‍റ് എംപി മുഖ്യാഥിതിയായിരുന്നു. ഇറ്റലിയിലെ ബംഗ്ലാദേശ് സ്ഥാനപതി അബ്ദുസ് ശോഭൻ സിക്ദർ പ്രത്യേക ക്ഷണിതാവായിരുന്നു.

ഇന്ത്യൻ വംശജരുടെ നേതൃത്വത്തിലുള്ള ഇറ്റലിയിലെ ആദ്യ ഇംഗ്ളീഷ് മീഡിയം സ്കൂളാണ് തങ്ങളുടേതെന്ന് സിഇഒ പ്രകാശ് ജോസഫ് പറഞ്ഞു.ഇന്തോ-മെഡിറ്ററേനിയൻ സ്കൂളിെൻറ പ്രസിഡന്‍റ് ഗബ്രിയേല ലൂക്കോണി, ഫിനാൻസ് ഡയറക്ടർ റസൽ, മാനേജർ ഷിജു വർഗീസ്, മീഡിയ ഡയറക്ടർ മെബിൻ സാം മാത്യു എന്നിവർ സംസാരിച്ചു. സ്റ്റീഫൻ ദേവസിയും സംഘവും അവതരിപ്പിച്ച വാദ്യഘോഷവും ഫാഷൻ ഷോയും ചടങ്ങിനോടൊപ്പം നടന്നു.

റോമിൽ പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്‍റെ (എഫ്ഒഎ) ആസ്ഥാനം മന്ത്രി സുനിൽകുമാർ സന്ദർശിച്ചു.കൃഷി വിഭാഗം അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ റെൻ വാംഗ്, ഡയറക്ടർ ഹാൻസ് ഡ്രയർ, ഗവേഷണ വിഭാഗം മേധാവി സമി ഗയ്ജി, സീനിയർ ടെക്നിക്കൽ ഓഫീസർ റോബർട്ട് ഗുയി, കാതറീനാ ബെറ്റേലോ, സീനീയർ ഓഫീസർ, എ.ജി.പി.എംഎന്നിവരുമായി മന്ത്രി ചർച്ച നടത്തി. സംഘടനയുടെ ഫോറസ്ട്രി വിഭാഗം കണ്‍സൽട്ടൻറും മലയാളിയുമായ ഡോ.ഇല്യാസ് അനിമോൻ ചർച്ചകളിൽ മന്ത്രിയെ അനുഗമിച്ചു. ഇറ്റലിയിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ മന്ത്രി എഫ്എഒ ആസ്ഥാനത്തെത്തിയാണ് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്. ഇതാദ്യമായാണ് കേരളത്തിലെ ഒരു കൃഷി മന്ത്രി എഫ്ഒഎ തലവൻമാരുമായി ഒൗദ്യോഗിക ചർച്ച നടത്തുന്നതും എഫ്ഒഎ ആസ്ഥാനം സന്ദർശിക്കുന്നതും. എഫ്ഒഎയിൽ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന മലയാളി ഉദ്യോഗസ്ഥരായ ബാബു ഒൗസേഫ്, വെർണ്ണർ, ഇന്ത്യൻ വംശജയായ അർഷിയ നൂറാനി എന്നിവരാണ് എഫ്ഒഎ സന്ദർശനത്തിന് മുൻകൈയെടുത്തത്.

വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയും അനുബന്ധ ദേവാലയങ്ങളും റോമിലെ അതിപുരാതനമായ മേരി മജോറെ ബസലിക്കയും പോപ്പിന്‍റെ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ നടക്കുന്ന വത്തിക്കാനിലെ സിസ്റ്റേണ്‍ ചാപ്പലും മന്ത്രി സന്ദർശിച്ചു. നേരത്തെ ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആസ്ഥാനം സന്ദർശിച്ച മന്ത്രിയെ പാർട്ടി ജനറൽ സെക്രട്ടറി മാർക്കോ റിസോ, അന്താരാഷ്ട്ര വിഭാഗം സെക്രട്ടറി അൽഫോൻസോ ഗാൽഡി എന്നിവർ ചേർന്ന് ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി പതാകയും രണ്ടാം പാർട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രേഖകളും നൽകി സ്വീകരിച്ചു. കേരളത്തിൽ നിന്ന് പത്രപ്രവർത്തകനും സന്നദ്ധസംഘടനയായ ആക്ഷന്‍റെ ജനറൽ സെക്രട്ടറിയുമായ ലാലു ജോസഫും പത്നി ജെന്നി തെക്കേക്കരയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ മലയാളി അംഗങ്ങളായ സാബു സ്കറിയ, മെബിൻ സാം മാത്യു, ലിജോ ജോർജ് കണിയാംകുന്നേൽ എന്നിവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി.