പുതിയ ജർമൻ പാസ്പോർട്ട് മാർച്ച് ഒന്നു മുതൽ
Friday, February 24, 2017 10:15 AM IST
ബെർലിൻ: ജർമനിയുടെ നവീകരിച്ച പാസ്പോർട്ട് ഈ വർഷം മാർച്ച് ഒന്നു മുതൽ പ്രാബല്യത്തിലാവും. നിലവിലുള്ളതിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ മെച്ചപ്പെടുത്തിയ പാസ്പോർട്ടിന് 60 യൂറോയാണ് ഫീസ്. പഴയതിനേക്കാൾ അൽപ്പംകൂടി വലിപ്പവും കുറവാണ്. വിരലടയാളത്തോടുകൂടിയ ഇലക്ട്രോണിക് ചിപ്പോടുകൂടിയ ഡിജിറ്റൽ പാസ്പോർട്ട് ഒരു കാരണവശാലും വ്യാജമായി നിർമിക്കാനാവാത്തവിധം പഴുതടച്ചാണ് പ്രാബല്യത്തിലാക്കുന്നത്. കടലാസിലും അച്ചടിയിലും സെക്യൂരിറ്റി സംവിധാനങ്ങൾ ഏറെ മെച്ചപ്പെടുത്തിയാണ് പുതിയതിന്‍റെ നിർമാണം. ചുരുക്കിപ്പറഞ്ഞാൽ കൃത്രിമമായി ഉണ്ടാക്കാനാവില്ലെന്നു വ്യക്തം.

നിലവിലുള്ള പാസ്പോർട്ടിന്‍റെ പുറംചട്ടയായ ഹാർഡ് കവർ മാറി കൂടുതൽ ഫ്ളക്സിബിൾ നിലവാരത്തിൽ മികവുറ്റതാക്കി. ഉടമയുടെ ഫോട്ടോ ലാമിനേറ്റ് സുരക്ഷാ പേപ്പറിലല്ലാതെ യഥാർഥ പാസ്കാർഡ് പ്ലാസ്റ്റിക്കിലാക്കിയിട്ടുണ്ട്. പാസ് കാർഡിന്‍റെ വലത്തു ഭാഗത്തു ഒരു ചെറിയ വിൻഡോയായി രേഖപ്പെടുത്തിയതിന്‍റെ അവിഭാജ്യ ഘടനയിൽ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഓരോ അകത്തെ പാർശ്വഫലങ്ങൾ വാട്ടർമാർക്കുകളുടെ ഒരു പുതിയ സുരക്ഷാ പേപ്പർ ചേർത്തിട്ടുണ്ട്. അൾട്രാവയലറ്റ് കിരണങ്ങൾ കീഴിൽ ബ്രാൻഡൻബുർഗ് ഗേറ്റ് കേന്ദ്രത്തിൽ ഭാഗത്തു കാണാൻ കഴിയും. 10 വർഷമാണ് പാസ്പോർട്ടിന്‍റെ കാലാവധി. 32 പേജാണ് പാസ്പോർട്ടിനുള്ളത്. ബയോമെട്രിക് സംവിധാനങ്ങളോടുകൂടിയ ജർമൻ പാസ്പോർട്ട് 2005 മുതലാണ് നിലവിലായത്.

ആഭ്യന്തരമന്ത്രി തോമസ് ഡി മൈസിയറെ പുതിയ പാസ്പോർട്ടിന്‍റെ വിശേഷണങ്ങൾ വിവരിച്ചുകൊണ്ട് മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. 99.9 ശതമാനം കുറ്റമറ്റതാക്കിയാണ് പുതിയതിന്‍റെ രൂപകൽപ്പനയെന്നും ഫെഡറൽ പ്രിന്‍റിംഗ് മേധാവി ഉൾറിഷ് ഹാർട്ട്മാനും പ്രതികരിച്ചു.

24 വയസ് പൂർത്തിയായ ഏതൊരു ജർമൻ പൗരനും പാസ്പോർട്ട് സ്വന്തമാക്കാൻ അവകാശമുണ്ട്. എന്നാൽ 23 വയസുവരെയുള്ളവർക്ക് ആറു വർഷം കാലാവധിയുള്ള പാസ്പോർട്ടാണ് നൽകുന്നത്. ഇതിന് 37.50 യൂറോയാണ് ഫീസ്.

നിലവിലുള്ള കാലാവധിയുള്ളതുമായ പാസ്പോർട്ടുകൾ കൈവശമുള്ളവർ കാലാവധി തീരുന്നതനുസരിച്ച് മാറ്റിയാൽ മതിയാകും.

ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ട് ജർമനിക്ക് മാത്രം അവകാശപ്പെട്ടതാണ്. ജർമൻ പാസ്പോർട്ടുമായി വീസയില്ലാതെ 158 രാജ്യങ്ങൾ സന്ദർശിക്കാം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ