"തോമസ് ' ജർമനിയെ വിറപ്പിച്ചു
Friday, February 24, 2017 8:19 AM IST
ബെർലിൻ: രാജ്യത്താകമാനം വീശിയടിച്ച ന്ധതോമസ്’ കൊടുങ്കാറ്റിൽ ജർമനി വിറച്ചു. 100 മുതൽ 120 കിലോമീറ്റർ വേഗതയിലാണ് വ്യാഴാഴ്ച വൈകുന്നേരം മുതൽ തോമസ് കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. കൊടുങ്കാറ്റിനൊപ്പം മഞ്ഞുവീഴ്ചയും പേമാരിയും കൂടിയായപ്പോൾ ജർമനിയിലെ ജനജീവിതം താറുമാറായി.

കൊടുങ്കാറ്റിൽ ഇതുവരെ ജീവഹാനി ഉണ്ടായതായി റിപ്പോർട്ടില്ലെന്ന് പോലീസ് അറിയിച്ചു. വ്യോമ,റെയിൽ, റോഡ് ഗതാഗത മാർഗങ്ങളെല്ലാം തടസപ്പെട്ടിരിക്കുകയാണ്. ഇന്‍റർ സിറ്റി എക്സ്പ്രസ് ട്രെയിനിന്‍റെ മുകളിലേയ്ക്ക് മരങ്ങൾ വീണുവെങ്കിലും ആളപായം ഉണ്ടായിട്ടില്ല. കൈസേഴ്സ് ലൗട്ടൻ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ലോറിയുടെ മുകളിലേക്ക് മരം വീണുവെങ്കിലും 48 കാരനായ ഡ്രൈവർ പരിക്കുകളോടെ രക്ഷപെട്ടു.

ജർമനിയിൽ നടന്ന കാർണിവൽ ആഘോഷങ്ങളിലെ വനിതാഘോഷമായ വൈബർഫാസ്റ്റ്നാഹ്റ്റ് കൊടുങ്കാറ്റുമൂലം തടസപ്പെട്ടു. ഡ്യൂസൽഡോർഫ് നഗരത്തിലെ ആൾട്ട് വൈബർ കാർണിവൽ റദ്ദാക്കി. കാർണിവലിന്‍റെ ഹൈലൈറ്റ് ദിനമായ തിങ്കളാഴ്ച വരെ കാലാവസ്ഥ മോശമായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ