ബ്രിട്ടീഷ് സുപ്രീംകോടതി വിധി ഇന്ത്യക്കാർക്കു തിരിച്ചടിയായി
Friday, February 24, 2017 7:15 AM IST
ലണ്ടൻ: പ്രതിവർഷം 18,600 പൗണ്ട് ശന്പളം ലഭിക്കാത്തവർക്ക് ജീവിത പങ്കാളിയെ ബ്രിട്ടനിലേക്കു കൊണ്ടുവരാൻ കഴിയില്ല എന്ന ഹോം ഓഫീസിന്‍റെ നിയമം സുപ്രീംകോടതി ശരിവച്ചത് ഇന്ത്യക്കാർക്ക് തിരിച്ചടിയായി.

പ്രധാനമന്ത്രി തെരേസ മേ, 2012 ഹോം സെക്രട്ടറിയായിരുന്നപ്പോൾ പ്രാബല്യത്തിലാക്കിയ നിയമത്തിനാണ് ഇപ്പോൾ സുപ്രീം കോടതി ശരിവച്ചത്. ഇതാവട്ടെ ഇന്ത്യക്കാർക്കു മാത്രമല്ല യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ളവർക്കും കടുത്ത വിനയായി.

സുപ്രീം കോടതിയിലെ ഏഴു ജസ്റ്റീസുമാരുൾപ്പെടുന്ന ഡിവിഷൻ ബഞ്ചാണ് വിധി ശരിവച്ചിരിക്കുന്നത്. നിയമത്തിനെതിരെ ബ്രീട്ടീഷ് പൗരത്വം നേടിയ പാകിസ്ഥാൻകാരാണ് അപ്പീൽ നൽകിയത്. ഹോം ഓഫീസ് തള്ളിയ അപ്പീൽ ഒടുവിൽ സുപ്രീം കോടതിയിൽ എത്തിയത്. തങ്ങളുടെ ജീവിതപങ്കാളികളെ ഇവിടേയ്ക്കു കൊണ്ടുവരാൻ കഴിയാത്തതിന്‍റെ പേരിലാണ് കോടതി കയറിയത്.

ഒരു കുട്ടിയുളള കുടുംബത്തിന്‍റെ കുറഞ്ഞ വരുമാനം 22,400 പൗണ്ടായി നേരത്തെ ഉയർത്തിയിരുന്നു. എന്നാൽ ഓരോ കുട്ടിക്കും 2400 പൗണ്ട് അധികവരുമാനം നിശ്ചയിച്ചതും തിരിച്ചടിയായി. ബ്രിട്ടനിൽ കുടിയേറിയ നിശ്ചിത വരുമാനമില്ലാത്ത മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാരെ ഈ വിധി പ്രതികൂലമായി ബാധിക്കും. ഇവിടെയത്തിയ 43 ശതമാനം ആളുകളും നിശ്ചിത വരുമാനപരിധിക്കു താഴെയാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ