എഎഫ്ഡിയുടെ ജനപ്രീതിയിൽ ഇടിവ് ; മെർക്കൽ ക്യാന്പിൽ ആഹ്ളാദം
Thursday, February 23, 2017 10:25 AM IST
ബെർലിൻ: ജർമനിയിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായ എഎഫ്ഡിയുടെ ജനപ്രീതി 2015നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ. മാസങ്ങൾക്കിടെ ജനപ്രീതി ഒറ്റയക്കത്തിലേക്കു താഴുന്നതും ഇതാദ്യമാണ്.

എട്ടര ശതമാനമാണ് അഭിപ്രായ സർവേയിൽ ഇവർക്ക് ലഭിക്കുന്ന ജനപ്രീതി. കഴിഞ്ഞ വർഷം ജൂലൈക്കുശേഷം ഇരട്ടയക്കത്തിനു താഴെയെത്തുന്നത് ആദ്യം. 2015 ഡിസംബറിലെ എട്ടു ശതമാനം കഴിഞ്ഞാൽ ഏറ്റവും താഴ്ന്ന നിരക്കും ഇതുതന്നെ.

നാലാഴ്ചയ്ക്കുള്ളിൽ നാലു ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തുന്നത്. സിഡിയുവിനും ആംഗല മെർക്കലിനും ശക്തമായ എതിരാളികളായി എസ്പിഡിയും മാർട്ടിൻ ഷൂൾസും സജീവമായതാണ് എഎഫ്ഡിയുടെ ജനപ്രീതി കുറയാൻ കാരണമായി വിലയിരുത്തപ്പെടുന്നത്. സിഡിയുവിനും മെർക്കലിനും പകരം ആര് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ജർമനി തേടുന്നു എന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.

മെർക്കലിനെക്കാൾ ജനപ്രീതി ഇപ്പോൾ ഷൂൾസിനാണെങ്കിലും പാർട്ടിയുടെ കാര്യത്തിൽ സിഡിയു നേരിയ മുൻതൂക്കം നിലനിർത്തുന്നു. എന്നാൽ, എസ്പിഡി ഒറ്റയ്ക്കു നിൽക്കുന്പോൾ സിഎസ്യുവിന്‍റെ പിന്തുണയോടെയാണ് സിഡിയുവിന്‍റെ നിലനിൽപ്പ് എന്നതും ശ്രദ്ധേയം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ