ബ്രെക്സിറ്റിനെതിരേ ഉണരുക: ബ്രിട്ടീഷ് ജനതയോട് ബ്ലെയറിന്‍റെ ആഹ്വാനം
Saturday, February 18, 2017 10:38 AM IST
ലണ്ടൻ: ബ്രെക്സിറ്റിന്‍റെ കാര്യത്തിൽ ഉണർന്നെണീൽക്കണമെന്നും മനസ് മാറ്റണമെന്നും ബ്രിട്ടീഷ് ജനതയോട് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ആഹ്വാനം.

ബ്രെക്സിറ്റിന്‍റെ യഥാർഥ മാനദണ്ഡങ്ങൾ അറിയാതെയാണ് ജനങ്ങൾ അനുകൂലമായി വോട്ട് ചെയ്തത്. ഇനിയും മാറി ചിന്തിക്കാം. മുനന്പിൽനിന്നു തിരിച്ചു പോകാൻ ഇനിയും സമയം ബാക്കിയാണ്- ടോണി ബ്ലയർ അഭിപ്രായപ്പെട്ടു.

അതേസമയം ബ്ലെയറുടെ അഭിപ്രായ പ്രകടനം ധാർഷ്ട്യം നിറഞ്ഞതും ജനാധിപത്യ വിരുദ്ധവുമാണെന്ന് മുൻ ടോറി നേതാവ് ഡങ്കൻ സ്മിത്ത് പ്രതികരിച്ചു. എന്നാൽ, ബ്ലെയർ പറഞ്ഞ ഓരോ വാക്കിനോടും താൻ യോജിക്കുന്നു എന്നാണ് ലിബറൽ ഡെമോക്രാറ്റ് നേതാവ് നിക്ക് ക്ലെഗ് പ്രതികരിച്ചത്.

ബ്ലെയർ ഭൂതകാലത്തിന്‍റെ ആളാണെന്നാണ് യുകെഐപിയുടെ മുൻ നേതാവ് നിഗൽ ഫാരാജ് പറഞ്ഞത്. അതേസമയം ബ്രെക്സിറ്റ് നടപ്പാക്കുന്നതിൽ പ്രതിജ്ഞാബദ്ധമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതേക്കുറിച്ച് പ്രതികരിച്ചത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ