വിയന്നയിൽ സിഗരറ്റ് കുറ്റിയും വിസർജ്യവും നിരത്തുകളിൽ തള്ളുന്നവർക്ക് വൻതുക പിഴ
Friday, February 17, 2017 6:52 AM IST
വിയന്ന: നിരത്തുകളിൽ സിഗരറ്റ് കുറ്റിയും നായ്ക്കളുടെ വിസർജ്യവും തള്ളുന്നവർക്ക് വൻ പിഴ ഒടുക്കേണ്ടി വരുന്ന നിയമം മാർച്ച് മൂന്നു മുതൽ പ്രാബല്യത്തിൽ വരും.

ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ ഇതുവരെ 36 യൂറോ ഒടുക്കേണ്ടിയിരുന്ന സ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ 50 യൂറോ ഒടുക്കേണ്ടിവരും. അതേസമയം ചില സാഹചര്യങ്ങളിൽ, പിഴ 90 യൂറോ ആയി ഉയരുമെന്നും പരിസ്ഥിതി സംരംക്ഷണ വിഭാഗത്തിന്‍റെ നഗരസഭാ കൗണ്‍സിലർ ഉലി സിമ അറിയിച്ചു.

പുതിയ തീരുമാനം രാഷ്ട്രീയ പാർട്ടികൾക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ഉളവാക്കിയിരിക്കുന്നത്. എന്നാൽ നിരവധി പേർ തീരുമാനത്തെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുണ്ട്. ചില നായ്ക്കൾ വഴിയിൽ കിടക്കുന്ന സിഗരറ്റ്കുറ്റി ഭക്ഷിക്കുന്നതുകൊണ്ട് പുതിയ തീരുമാനം നായ സ്നേഹികളെ കൂടുതൽ സന്തോഷിപ്പിച്ചട്ടുണ്ട്.

അഴുകാത്ത മാലിന്യമായിട്ടാണ് സിഗരറ്റ്കുറ്റി കാണാക്കപ്പെടുന്നത്. അന്താരാഷ്ട്ര കടൽ തീരങ്ങൾ ഓരോ വർഷവും വൃത്തിയാക്കുന്പോൾ ലഭിക്കുന്ന മാലിന്യങ്ങളിൽ ഏറ്റവുമധികം കാണുന്നത് സിഗരറ്റ്കുറ്റിയാണ്. വിയന്ന നഗരത്തിലെ ഗാർബേജ് ബിന്നുകളിൽ പ്രതിവർഷം നിറയുന്നത് 36 ദശലക്ഷം നായ വിസർജ്യമടങ്ങിയ ബാഗുകളും 100 ദശലക്ഷം സിഗരറ്റ് കുറ്റികളുമാണ്.

റിപ്പോർട്ട്: ജോബി ആന്‍റണി