ജർമനിയിൽ ശൈശവ വിവാഹ നിരോധനം നിയമമാകുന്നു
Thursday, February 16, 2017 10:41 AM IST
ബെർലിൻ: ജർമനിയിൽ ശൈശവ വിവാഹം നിരോധിക്കുകയും അസാധുവാക്കുകയും ചെയ്യുന്ന നിയമം പാസാക്കാൻ ജർമനിയിലെ വിശാല മുന്നണി സർക്കാരിൽ ഉൾപ്പെട്ട വിവിധ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ധാരണയായി. ഇതുസംബന്ധിച്ച ബില്ല് ഭരണകക്ഷികൾക്കിടയിൽ നിയമകാര്യമന്ത്രി ഹൈക്കോ മാസ് അവതരിപ്പിച്ചാണ് ചാൻസലറിന്‍റെ കൈയടി നേടിയത്.

വിദേശ രാജ്യങ്ങളിൽനിന്ന്, നിർദിഷ്ട പ്രായമെത്തും മുൻപേ വിവാഹം കഴിച്ച് ജർമനിയിലെത്തിയവരായാലും അവരുടെ വിവാഹം ജർമൻ നിയമ പ്രകാരം അസാധുവാക്കുന്ന തരത്തിലാണ് നിയമ നിർമാണം. പ്രത്യേകിച്ച് അഫ്ഗാനിസ്ഥാൻ, ഇറാൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും എത്തുന്നവരുടെ കൂട്ടത്തിലാണ് രഹസ്യമായി ശൈശവ വിവാഹം നടത്തുന്നത്.

ജർമനിയിലെ നിയമം അനുസരിച്ച് ആണിനും പെണ്ണിനും പതിനെട്ട് വയസാണ് വിവാഹ പ്രായം. എന്നാൽ, മാതാപിതാക്കളുടെ സമ്മതമുണ്ടെങ്കിൽ പതിനാറാം വയസിലും വിവാഹം കഴിക്കാം. പക്ഷേ, വരനു പ്രായപൂർത്തിയായിരിക്കണം. ഇതു മുഴുവൻ പൊളിച്ചെഴുതിയാണ് പുതിയ നിയമം അവതരിപ്പിച്ചത്.

പ്രത്യേക സാഹചര്യങ്ങളിൽ ഇക്കാര്യത്തിൽ ഇളവ് അനുവദിക്കാമോ എന്ന കാര്യത്തിൽ ഇനിയും അന്തിമ ധാരണയായിട്ടില്ല. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇതു സംബന്ധിച്ച് പച്ചക്കൊടി കിട്ടിയാലുടൻ ബില്ല് പാർലമെന്‍റിൽ അവതരിപ്പിച്ച് പാസാക്കുന്പോൾ നിയമം പ്രാബല്യത്തിൽ വരും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ