ഒരുക്കങ്ങൾ പൂർണം: വലിയ പൊങ്കാല 19ന്
Thursday, February 16, 2017 7:02 AM IST
ന്യൂഡൽഹി: നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പതിനെട്ടാമത് വലിയ പൊങ്കാലയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഫെബ്രുവരി 19ന് (ഞായർ) പുലർച്ചെ 4.30ന് നിർമാല്യ ദർശനം അഞ്ചിന് ക്ഷേത്ര തന്ത്രി അക്കീരമണ്‍ കാളിദാസൻ ഭട്ടതിരിപ്പാടിന്‍റെ മുഖ്യ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. കേരളത്തിൽ നിന്നും എത്തിച്ചേരുന്ന ശശികുമാർ നന്പൂതിരി, ക്ഷേത്ര മേൽശാന്തി അഖിൽ ദേവ് എന്നിവർ പരികർമികളാകും.

പ്രഭാത പൂജകൾക്കുശേഷം രാവിലെ 8.30ന് ക്ഷേത്ര തന്ത്രി അക്കീരമണ്‍ കാളിദാസൻ ഭട്ടതിരിപ്പാട് ക്ഷേത്ര ശ്രീകോവിലിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി, താലമേന്തിയ ബാലികമാരുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെ പൊങ്കാല സമർപ്പണ വേദിയായി സമീപത്ത് ഒരുക്കിയിരിക്കുന്ന വയലിലേക്കു എഴുന്നെള്ളിക്കും. അവിടെയാണ് ഇത്തവണയും പണ്ടാര അടുപ്പ് തയാറാക്കുന്നത്.

ശ്രീ ഭഗവതി ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്‍റ് പി.ആർ. പ്രേമചന്ദ്രന്‍റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ ക്ഷേത്ര തന്ത്രി അക്കീരമണ്‍ കാളിദാസൻ ഭട്ടതിരിപ്പാട് ആത്മീയ പ്രഭാഷണം നടത്തും. ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ പ്രസംഗിക്കും. തുടർന്ന് പണ്ടാര അടുപ്പിലേക്ക് അഗ്നിപകർന്ന ശേഷം ഭക്തർ തങ്ങളുടെ പൊങ്കാല അടുപ്പുകളിലേക്ക് ദീപ നാളങ്ങൾ കൊളുത്തും.

വലിയ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു വിശേഷാൽ പൂജകളും ഉണ്ടാവും. ഉച്ചപൂജ, ദീപാരാധന, എന്നിവയും ഉണ്ടാവും. രാവിലെ 6.15 മുതൽ വികാസ് പുരി ശ്രീ ശാരദാദേവി ഭജന സമിതി അവതരിപ്പിക്കുന്ന സ്തുതിഗീതങ്ങൾ, 9 മുതൽ മെഹ്റോളി ഹംസധ്വനി അവതരിപ്പിക്കുന്ന ഭജനാർച്ചന എന്നിവയാണ് പ്രധാന പരിപാടികൾ. ഉച്ചക്ക് നടക്കുന്ന അന്നദാനത്തിൽ നാടിന്‍റെ നാനാ ഭാഗങ്ങളിൽ നിന്നും ജാതി മത ഭേദമന്യേ ഭക്തസഹശ്രങ്ങൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

പുലർച്ചെ നാലു മുതൽ ക്ഷേത്രാങ്കണത്തിലെ കൗണ്ടറുകളിൽ നിന്നും പൊങ്കാല കൂപ്പണുകളും മറ്റു വഴിപാടു രസീതുകളും ഭക്തജനങ്ങൾക്ക് വാങ്ങാൻ പ്രത്യേക സൗകര്യവും ഒരുക്കും. പൊങ്കാല സമർപ്പണത്തിനുള്ള സാധന സാമഗ്രികൾ ക്ഷേത്രത്തിലെ കൗണ്ടറിൽ നിന്നും ലഭിക്കും. പൊങ്കാലയിടുന്ന സ്ത്രീജനങ്ങൾക്കായി അന്നദാനത്തിനു പ്രത്യേക കൗണ്ടറുകൾ ഉണ്ടാവും. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ക്ഷേത്രത്തിലേക്ക് അതാതു സ്ഥലങ്ങളിലെ സംഘാടകർ യാത്രാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക്: 8376837119, 9891302376, 8800552070.

റിപ്പോർട്ട്: പി.എൻ. ഷാജി