മനോജ് കളീക്കലിന് കാൻബറയുടെ യാത്രാമൊഴി; സംസ്കാരം 19ന് കോട്ടയത്ത്
Thursday, February 16, 2017 7:01 AM IST
കാൻബറ: കഴിഞ്ഞ ആഴ്ച ഓസ്ട്രേലിയയിൽ മരിച്ച മലയാളി മനോജ് പി. കളീക്കലിന് കാൻബറയിലെ മലയാളി സമൂഹം കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. തങ്ങളുടെ പ്രിയ സുഹൃത്തിനെ അവസാനമായി കാണുവാനും യാത്രാമൊഴി അർപ്പിക്കാനുമായി ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നൂറുകണക്കിനാളുകളാണ് എത്തിച്ചേർന്നത്.

ഫെബ്രുവരി എട്ടിന് ഹൃദയാഘാതത്തെതുടർന്നായിരുന്നു നാല്പതുകാരനായ മനോജ് മരിച്ചത്. ദീർഘകാലം സിംഗപ്പൂരിൽ എമിരേറ്റ്സിൽ ജോലി ചെയ്തതിനുശേഷം ഒരു വർഷം മുന്പാണ് ഓസ്ട്രേലിയയിൽ എത്തിയത്. ഇവിടെ ടാക്സി സർവീസ് രംഗത്ത് പ്രവർത്തിച്ചു വരികയായിരുന്നു. കോട്ടയം കഞ്ഞിക്കുഴി കളീക്കൽ പോളിന്‍റെ മകനാണ് മനോജ്. ഭാര്യ ബിന്ദു കാൻബറ ഹോസ്പിറ്റലിലെ നഴ്സും വയനാട് പുൽപ്പള്ളി മണിമല കുടുംബാംഗവുമാണ്.

ഒൗദ്യോഗിക നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം കാൻബറ സെന്‍റ് അൽഫോൻസ ഇടവകയുടെ നേതൃത്വത്തിൽ പൊതുദർശനവും തുടർന്നു വിശുദ്ധ കുർബാനയും ഒപ്പീസും നടന്നു. ഓകോന്നെർ സെന്‍റ് ജോസഫ് പള്ളിയിൽ നടന്ന പൊതുദർശനത്തിൽ വൻ ജനാവലിയാണ് പങ്കെടുത്തത്. വിശുദ്ധ കുർബാനക്കും ഒപ്പീസിനും വികാരി ഫാ. മാത്യു കുന്നപ്പിള്ളിൽ മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ടോമി പാട്ടുമാക്കിയിൽ, ഫാ. ജിസ് കുന്നുംപുറത്ത്, ഫാ. ബൈജു തോമസ്, ഫാ. പ്രവീണ്‍ അരഞ്ഞാണിയിൽ എന്നിവർ സഹകാർമികരായിരുന്നു.

18ന് (ശനി) പുലർച്ചെ നെടുന്പാശേരി എയർപോർട്ടിൽ എത്തിക്കത്തക്ക വിധത്തിലാണ് ക്രമീകരണങ്ങൾ. സംസ്കാരം ഞായർ രാവിലെ പത്തിന് മനോജിന്‍റെ മാതൃ ഇടവകയായ കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ (കലക്ടറേറ്റ് ജംഗ്ഷൻ, കോട്ടയം) നടക്കും. കാൻബറ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ചു പ്രതിനിധികൾ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കും. പരേതന്‍റെ നിര്യാണത്തിൽ സീറോ മലബാർ മെൽബണ്‍ രൂപത ബിഷപ് മാർ ബോസ്കോ പുത്തൂർ, വികാരി ജനറാൾ ഫാ.ഫ്രാൻസിസ് കോലഞ്ചേരി, കാൻബറ രൂപത ബിഷപ് ക്രിസ്റ്റഫർ പ്രൗസ്, വികാരി ജനറാൾ ഫാ. ടോണി പേർസി എന്നിവരും വിവിധ സംഘടനകളും കൂട്ടായ്മകളും അനുശോചിച്ചു.

റിപ്പോർട്ട്: ജോമി പുലവേലിൽ