ഗ്രീസ് യൂറോയെ ഉപേക്ഷിക്കും: ട്രംപിന്‍റെ നിയുക്ത യൂറോപ്യൻ അംബാസഡർ
Wednesday, February 15, 2017 10:20 AM IST
ഏഥൻസ്: ഗ്രീസ് യുഎസ് ഡോളറിനുവേണ്ടി യൂറോ പൊതു കറൻസി ഉപേക്ഷിക്കുമെന്നും അത് ജർമനിക്ക് കനത്ത തിരിച്ചടിയാവുമെന്നും യൂറോപ്യൻ യൂണിയനു നാണക്കേടാവുമെന്നും പ്രവചനം. യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് യൂറോപ്യൻ യൂണിയനിലേക്കുള്ള അംബാസഡറായി പരിഗണിക്കുന്ന ടെഡ് ബലോച്ചാണ് പ്രവചനം നടത്തിയിരിക്കുന്നത്.

ഗ്രീക്ക് റേഡിയോ നിലയത്തിനു നൽകിയ അഭിമുഖത്തിലാണ് ബലോച്ചിന്‍റെ പുതിയ വിവാദ പരാമർശം. കടക്കെണിയിൽനിന്ന് ഇനിയും കരകയറാൻ ഗ്രീസിനു സാധിക്കാത്തത് യൂറോപ്യൻ യൂണിയൻ നേതൃത്വത്തെ അതൃപ്തമാക്കുന്നു. ഗ്രീസ് സ്വയം പുറത്തു പോയില്ലെങ്കിൽ അവർ പുറത്താക്കുക തന്നെ ചെയ്യുമെന്നും ബലോച്ച് പറയുന്നു.

അതേസമയം, ഗ്രീസ് സ്വയം പുറത്തുപോകാൻ തീരുമാനിച്ചാൽ അതു ജർമനിക്ക് കനത്ത തിരിച്ചടിയാവുമെന്നും അദ്ദേഹം ആവർത്തിച്ചു.

ഇതിനിടെ, ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഗ്രീക്ക് സന്പദ് വ്യവസ്ഥ 0.4 ശതമാനം ചുരുങ്ങിയതായും കണക്കുകളിൽ വ്യക്തമാകുന്നു. മൂന്നാം പാദത്തിൽ 0.9 ശതമാനം വളർച്ച കാണിച്ച സ്ഥാനത്താണ് നാലാം പാദത്തിൽ ചുരുക്കം വന്നത്. വളർച്ച തുടരുമെന്ന പ്രതീക്ഷ ഇതോടെ തകർന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ