ബ്രെക്സിറ്റ് കാരണം ആരും പുറത്താകില്ല: സ്വീഡിഷ് മന്ത്രി
Wednesday, February 15, 2017 10:20 AM IST
ബ്രസൽസ്: ബ്രെക്സിറ്റ് നടപ്പാക്കുന്നു എന്ന ഒറ്റ കാരണത്താൽ ഒരു പൗരനും ഒരു രാജ്യത്തുനിന്നും പുറത്താകില്ലെന്ന് സ്വീഡന്‍റെ യൂറോപ്യൻകാര്യ മന്ത്രി ആൻ ലിൻഡെ. ഇക്കാര്യത്തിൽ ബ്രിട്ടനും സ്വീഡനും തമ്മിൽ ധാരണയിലെത്തിക്കഴിഞ്ഞെന്നും അവർ വ്യക്തമാക്കി.

യുകെയിൽ താമസിക്കുന്ന സ്വീഡൻകാർക്കോ സ്വീഡനിൽ താമസിക്കുന്ന ബ്രിട്ടീഷുകാർക്കോ പ്രശ്നം വരാത്ത രീതിയിലുള്ള ധാരണകളിലാണ് ഇരു രാജ്യങ്ങളും തമ്മിൽ എത്തിച്ചേർന്നിരിക്കുന്നത്. സ്വാഭാവികമായും ഇതര യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ കാര്യത്തിലും ഇങ്ങനെ തന്നെയാവുമെന്നും അവർ അഭിപ്രായപ്പെട്ടു.

നേരത്തെ, ബ്രെക്സിറ്റ് നടപ്പാകുന്പോൾ പ്രതികാര നടപടി എന്ന നിലയിൽ അന്പതിനായിരം മുതൽ ഒരു ലക്ഷം വരെ ബ്രിട്ടീഷുകാർക്ക് വിവിധ യൂറോപ്യൻ രാജ്യങ്ങളിൽനിന്നു പുറത്തു പോകേണ്ടിവരുമെന്ന രഹസ്യ റിപ്പോർട്ട് ചോർന്നിരുന്നു. എന്നാൽ ഇതിനു കടകവിരുദ്ധമാണ് സ്വീഡിഷ് മന്ത്രിയുടെ വെളിപ്പെടുത്തൽ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ