വിസ് എയർ ഫ്രാങ്ക്ഫർട്ടിൽനിന്നും സർവീസ് ആരംഭിക്കുന്നു
Wednesday, February 15, 2017 6:40 AM IST
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളമായ റൈൻമൈനിൽ നിന്നും മേയ് 22 മുതൽ ചെലവുകുറഞ്ഞ ഹംഗേറിയൻ എയർലൈൻസായ വിസ് എയർ സർവീസ് ആരംഭിക്കുന്നു. ചെലവുകുറഞ്ഞ ഐറിഷ് എയർലൈൻസ് റൈൻ എയറിനുശേഷം വിസ് എയർലൈൻസുകൂടി പ്രവർത്തനം ആരംഭിക്കുന്നതോടെ ജർമൻ എയർലൈൻസായ ലുഫ്ത്താൻസക്ക് കൂടുതൽ തിരിച്ചടി ആകും. ഇതുവരെ ചെലവു കുറഞ്ഞ എയർലൈനുകൾക്ക് ഫ്രാങ്ക്ഫർട്ടിൽനിന്നും സർവീസ് നടത്താൻ അനുവാദം നൽകിയിരുന്നില്ല.

വിസ് എയർ ഫ്രാങ്ക്ഫർട്ടിൽനിന്നും സർവീസ് തുടങ്ങുന്നതോടെ, മറ്റു ജർമൻ എയർപോർട്ടുകൾ ഉൾപ്പെടെ മൊത്തം സർവീസ് ആഴ്ചയിൽ 78 ആയി വർധിക്കും. ജർമൻ ലുഫ്ത്താൻസായുടെ സഹോദര എയർലൈനുകളായ ജർമൻ വിംഗ്സ്, യൂറോ വിംഗ്സ് എന്നീ എയർലൈനുകളും ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ നിന്നും സർവീസുകൾ തുടങ്ങിക്കഴിഞ്ഞു.

ഇതോടെ ഈ സെക്ടറിൽ ലുഫ്ത്താൻസായുടെ കുത്തക അവസാനിച്ചിരിക്കുകയാണ്. ഇത് യൂറോപ്പിൽ അവധിക്കാലം ചെലവഴിക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്യും.

റിപ്പോർട്ട് : ജോർജ് ജോൺ