വിമാനത്തിൽ പക്ഷി ഇടിച്ചു; വിഐപികൾ ഉൾപ്പെടെയുള്ള യാത്രക്കാർ രക്ഷപ്പെട്ടു
Wednesday, February 8, 2017 8:51 AM IST
ന്യൂഡൽഹി: കേരളത്തിൽനിന്നുള്ള പാർലമെന്‍റ് അംഗങ്ങൾ അടക്കം നിറയെ യാത്രക്കാരുമായി കൊച്ചിയിലേക്കു പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു. വിമാനം പറന്നുയരുന്നതിനു തൊട്ടു മുന്പായതിനാൽ വലിയ ദുരന്തത്തിൽ നിന്നു വിഐപികൾ ഉൾപ്പെടെയുള്ള യാത്രക്കാർ കഷ്ടിച്ചു രക്ഷപ്പെട്ടു.

ബുധനാഴ്ച വൈകുന്നേരം 6.30ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. പറന്നുയരുന്നതിനായി റണ്‍വേയിലൂടെ വേഗത്തിൽ നീങ്ങുന്നതിനിടെ സഡൻ ബ്രേക്കിട്ടു വിമാനം നിർത്തുകയായിരുന്നു. റണ്‍വേയിൽ വിമാനം നീങ്ങിത്തുടങ്ങിയ ശേഷമായിരുന്നതിനാൽ യാത്രക്കാർ സീൽറ്റ് ബൽറ്റ് ധരിച്ചിരുന്നു. അതിനാൽ ബ്രേക്കിട്ടെങ്കിലും ആർക്കും തന്നെ പരിക്കു പറ്റിയില്ല. പറന്നുയർന്ന ശേഷമായിരുന്നു പക്ഷി ഇടിച്ചതെങ്കിൽ വലിയ അപകടം സംഭവിക്കാമായിരുന്നുവെന്നു വ്യോമയാന വിദഗ്ധർ ചൂണ്ടിക്കാട്ടി. സംഭവത്തെ തുടർന്ന് വിമാനത്തിന്‍റെ കൊച്ചി യാത്ര വൈകി.

പ്രഫ. കെ.വി. തോമസ്, ജോസ് കെ. മാണി, ഇന്നസന്‍റ് എന്നീ എംപിമാരും നിരവധി മലയാളി യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. പ്രഫ. തോമസിന്‍റെ ഭാര്യ ഷേർലിയും ഇന്നസെന്‍റിന്‍റെ ഭാര്യ ആലീസും ഒപ്പമുണ്ടായിരുന്നു.

വിമാനത്താവളത്തിനു സമീപവും ഡൽഹിയിലെ മറ്റു സ്ഥലങ്ങളിലുമുള്ള മൽസ്യ, മാംസ മാർക്കറ്റുകളിലെ ശുചിത്വമില്ലായ്മ മൂലം തലസ്ഥാനത്ത് പരുന്തും കാക്കകളും പെരുകുന്നതാണ് അപകടത്തിലേക്കു നയിച്ചത്. അനധികൃത മാർക്കറ്റുകൾ പോലീസിനു കൈക്കൂലി നൽകി പ്രവർത്തിക്കുന്നതു വിമാനങ്ങൾക്കു മിക്കപ്പോഴും ഭീഷണിയാണ്.

റിപ്പോർട്ട്: ജോർജ് കള്ളിവയലിൽ